RSS

എന്റെ ഗ്രാമം

പച്ചപ്പരവതാനി വിരിച്ചപോല്‍
മെച്ചത്തില്‍ നീണ്ടുകിടക്കും വയലുകള്‍.
ഉച്ചവെയിലില്‍ പണിയെടുക്കും കൃഷീവലന്‍,
വിതക്കുന്നു തന്‍ വിയര്‍പ്പിന്‍ മുത്തുകള്‍

പാറിക്കളിക്കുന്നു പച്ചപ്പനന്തത്ത
പാടുന്നു പൈങ്കിളി പൂമരച്ചില്ലയില്‍
കളകളം പാടിയൊഴുകും പുഴയും
കൂകൂരവം മുഴക്കും കുയിലും
നെറ്റിയില്‍ കണ്ണുള്ള കുഞ്ഞുമത്സ്യങ്ങളെ
തക്കം പാര്‍ത്തിരിക്കും സന്ന്യാസികൊക്കും
മുത്തശ്ശിപാടും പാട്ടിലീഗ്രാമം
മുത്തുപോല്‍ തിളങ്ങുന്നെന്‍ മനസ്സില്‍
ആഹാ! എത്ര മനോഹരമെന്‍ ഗ്രാമം!
എന്നോതുവാന്‍ എനിക്കെത്ര മോഹം.

ആവില്ലെനിക്കൊരിക്കലുമതേറ്റു പാടുവാന്‍
കാണുകില്ല ഞാനാഗ്രാമഭംഗി.
കാണുന്നില്ല ഞാന്‍ പാറും പനന്തത്തയെ
പൈങ്കിളി പാടും പൂമരച്ചില്ലയെ
കാണുന്നതോ ഞാന്‍ മണ്ണുമാന്തിത്തുരപ്പനെ
നിരത്തുന്ന മലകള്‍ നികത്തുന്ന പാടങ്ങള്‍
കോണ്‍ക്രീറ്റ് കാടുകള്‍ നിറയുന്നു ചുറ്റും.

ഒരു മുഴം കയറിനാല്‍
ഒടുങ്ങുന്നു കൃഷീവലന്‍
ഇല്ലവനു കൊയ്യുവാന്‍ വിയര്‍പ്പിന്‍ മുത്തുകള്‍.
കേള്‍ക്കുന്നില്ല ഞാന്‍ പുഴതന്‍ കളകളം
പാടും കുയിലിന്‍ കൂകൂരവവും
കേള്‍ക്കുന്നതോ ഞാന്‍ മണല്‍വാരും
ലോറിതന്‍ മുരള്‍ച്ചകള്‍
വീഴും പൂമരച്ചില്ലതന്‍ രോദനം.
ആരു നല്‍കും മുത്തശ്ശിതന്‍ ഗ്രാമത്തെ,
വീണ്ടും കണ്ണിന് കുളിര്‍മയേകുവാന്‍
വീശും തെന്നലിന്‍ കുളിരേറ്റിടുവാന്‍
പൂമരച്ചില്ലകള്‍ നിറെഞ്ഞങ്കിലെ-
ന്നാശിച്ചുപോം മനസ്സിനോടെന്തു
ചൊല്ലേണ്ടു ഞാന്‍ പറയൂ കൂട്ടരേ...



- ആയിഷ സന സി.കെ.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails