RSS

പഠനപ്രവര്‍ത്തനങ്ങള്‍

 

 ഹിരോഷിമദിനം.യുദ്ധത്തിനെതിരെ കുട്ടികള്‍ അണിനിരന്നപ്പോള്‍...



പഞ്ചായത്ത് തല എഴുത്ത് കൂട്ടം ശില്‍പശാല


മാഗസിനിലേക്ക് ഫീച്ചറുകള്‍ തയ്യാറാക്കാനായി വിദ്യാര്‍ഥികള്‍ വിവിധ പാരമ്പര്യ കുടില്‍ വ്യവസായങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍...



സ്‌കൂള്‍ വഴി വിതരണം ചെയ്യപ്പെട്ട പച്ചക്കറിവിത്തുകളുടെ ആദ്യവിളവ് സ്‌കൂളിന് തന്നെ നല്‍കുന്ന വിദ്യാര്‍ഥി....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ധന്യമീ ഓര്‍മകള്‍

കെ.എം. ആയിഷ ടീച്ചര്‍
ഞങ്ങളുടെ സ്‌കൂള്‍ മാഗസിനിലേക്ക് ഉമ്മുമ്മായുടെ ഒരു ഓര്‍മ്മക്കുറിപ്പ് വേണമെന്ന 5 പേരക്കുട്ടികളുടെയും സ്‌കൂള്‍ മാഗസിന്‍ സമിതിയുടെയും സ്‌നേഹസ്മൃണമായ ആവശ്യത്തിന് വഴങ്ങിയപ്പോള്‍ എങ്ങനെ എഴുതിത്തുടങ്ങണം എന്നായിരുന്നു സംശയം. ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന അധ്യാപനജീവിതത്തില്‍ നിന്നു തന്നെ തുടങ്ങാം എന്നു തോന്നുന്നു.

പുതിയങ്ങാടി മുസ്ലീം ഗേള്‍സ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 1949-ല്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി, റിസല്‍റ്റ് വരുന്നതിന് മുമ്പ് തന്നെ ആനക്കയം എ.എം.എല്‍.പി. സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. പെരിമ്പലത്തുകാരിയായ ഞാന്‍ ആനക്കയത്തിന്റെ മരുമകളായാണ് ഇവിടെയെത്തിയത്. അന്ന് സ്‌കൂള്‍ തോണികടവത്തെ പുരയിടത്തിലെ മദ്രസകെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പെരിമ്പലം പൊറ്റമ്മലില്‍ ഉണ്ടായിരുന്ന ഗേള്‍സ് എല്‍.പി. സ്‌കൂള്‍ കുട്ടികളില്ലാതെ പൂട്ടേണ്ട അവസ്ഥ വന്ന പ്പോള്‍ അത് ആനക്കയത്തേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. ഏകദേശം പത്ത് വര്‍ഷത്തോളം ഈ മദ്രസാകെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.

ഓര്‍മ്മകള്‍ മങ്ങിത്തുടങ്ങിയെങ്കിലും ചിലത് മാത്രം ഇന്നും ഒരു മങ്ങലുമേല്‍ക്കാതെ എന്റെ മനസ്സിലുണ്ട്. കല്യാണപ്പിറ്റേന്ന് പുതിയാപ്പി ളയുടെ കൂടെ സ്‌കൂളില്‍ ജോയിന്‍ ചെയ്യാന്‍ പോയത് ഇന്നും തെല്ലൊരു നാണത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.

വഴിക്കെല്ലാം പുതിയണ്ണിനെ കാണാന്‍ നില്‍ക്കുന്നവര്‍!  സാരി ഉടുക്കുന്ന മുസ്ലീം സ്ത്രീകള്‍ അന്ന് അപൂര്‍വ്വമായിരുന്നു. അതിന്റെയൊരു കൗതുകവും പിന്നെ ഒരു പെണ്ണ് സ്‌കൂളില്‍ പഠിപ്പിക്കാന്‍ വരുന്ന അ ത്ഭുതവും എല്ലാം കൂടി പൊതുവേ നാണം കുണുങ്ങിയായ എന്നെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്.

അന്ന് മിക്ക എല്‍.പി. സ്‌കൂളുകളിലും അഞ്ചാം തരം വരെ ഉണ്ടായിരുന്നു. അധ്യാപകര്‍ വളരെ കുറവായിരുന്നു. ഞാന്‍ സ്‌കൂളില്‍ ചേരുമ്പോള്‍ രണ്ട് അധ്യാപകരാണ് അവിടെ ഉണ്ടായിരുന്നത്. ഒന്ന് പെരിമ്പലത്തെ കുഞ്ഞാപ്പുമാഷ്, എന്റെ എളാപ്പയുടെ മകന്‍. മറ്റേത് എന്റെ ഭര്‍ത്താവ് കമ്മദ് മാസ്റ്റര്‍.  രണ്ടു പേരും എട്ടാം ക്ലാസും ട്രെയിനിംഗും ഉള്ള അധ്യാപകര്‍. നീയൊരു വല്യ എസ്.എസ്.എല്‍.സികാരിയെന്ന് പറഞ്ഞ് അവരെന്നെ കളിയാക്കിച്ചിരിക്കുന്നത് ഇന്നും കാതില്‍ മുഴുങ്ങുന്നു.

അന്നത്തെ മൂന്ന് വികൃതിക്കുട്ട ന്മാരെ ഇന്നും ഞാനോര്‍ക്കുന്നു. എനിക്ക് മൂന്നാം ക്ലാസിലായിരുന്നു ചാര്‍ജ്. ചക്കാലക്കുന്നന്‍ അവറുമുസ്ല്യാരുടെ മകന്‍ മുഹമ്മദ്, ചക്കാലക്കുന്നന്‍ ഹൈദ്രു എന്ന ബാപ്പു, ചക്കാലക്കുന്നന്‍ ഹംസ (അവന്‍ ഇന്ന് നമ്മോടപ്പമില്ല) ആദ്യമായിട്ട് ഒരു അധ്യാപിക പഠിപ്പിക്കാന്‍ വരുന്നതിന്റെ ഒരു കൗതുകവും അതില്‍ നിന്നുണ്ടായ കുസൃതികളും എന്നെ കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചിട്ടുള്ളത്.

തോണിക്കടവത്ത് സ്‌കൂളില്‍ ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴുണ്ടായ ഒരു വെള്ളപ്പൊക്കം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. ആ വെള്ളപ്പൊക്കത്തില്‍ ആലുംകണ്ണിലെ പടിപ്പുരവരെ വെള്ളം കയറി. സ്‌കൂ ളിലെ ഫര്‍ണിച്ചറുകളെല്ലാം കൂട്ടിക്കെട്ടിമരത്തില്‍ ബന്ധിച്ചിരിക്കുകയായിരുന്നു. വെള്ളമിറങ്ങിയിട്ടും ഇഴജന്തുക്കളുടെ ഭീഷണി കാരണം സ്‌കൂള്‍ കൂറേ ദിവസം പ്രവര്‍ത്തിച്ചില്ല.

ഒരു അധ്യാപിക വന്നതോടെ പെണ്‍കുട്ടികള്‍ മുമ്പത്തേതിലും കൂടുതലായി സ്‌കൂളില്‍ ചേരാന്‍ തുടങ്ങിയെന്ന് മാഷ് പറയുമായിരുന്നു. തോണിക്കടവത്തെ ഇമ്മു-മങ്കരത്തൊടി ആലിക്കുട്ടിഹാജിയുടെ മകള്‍-അനിയനായ ഇസ്ഹാഖിന്റെ കൂടെയാണ് സ്‌കൂളില്‍ ചേര്‍ന്നത്. 'നിന്നെ കണ്ടിട്ടാണ് എന്റെ മകളെ ഇവിടെ ചേര്‍ക്കുന്നതെന്ന' അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും എനിക്ക് അഭിമാനത്തിന് വക നല്‍കുന്നു. ഇന്നത്തെ പോലെ അഞ്ച് വയസ്സായ എല്ലാ കുട്ടികളും സ്‌കൂളില്‍ പോകു ന്ന പതിവൊന്നും അന്നുണ്ടാ യിരുന്നില്ല. എല്ലാ മാസവും സ്‌കൂള്‍ വിസി റ്റിന് എ.ഇ.ഒ. വരുമായിരുന്നു. പ്രദേശത്ത് അഞ്ചാം ക്ലാസ് ആനക്കയത്ത് മാത്രമേ ഉണ്ടായിരുന്നുള്ളു. പെരിമ്പലം, പുള്ളിലങ്ങാടി, ചെക്ക്‌പോസ്റ്റ്, മുട്ടിപ്പാലം എന്നീ വിടങ്ങളില്‍ നിന്നെല്ലാം കുട്ടികള്‍ ഇങ്ങോട്ടായിരുന്നു വന്നിരുന്നത്. ടീച്ചറെക്കാളും വലിയ കുട്ടികളാണല്ലോ അഞ്ചാം ക്ലാസില്‍ എന്ന് പല എ.ഇ.ഒമാരും പറയാറുണ്ടായിരുന്നു.

നീണ്ട 38 വര്‍ഷത്തെ അധ്യാപനജീവിതം ഒരു പാട് അനുഭവങ്ങള്‍ സമ്മാനിച്ചു. 1949 ല്‍ ജോലിയില്‍ പ്രവേശിച്ചത് പരിശീലനം ലഭിക്കാതെ ആയിരുന്നല്ലോ, തുടര്‍ന്ന് 1952-ല്‍ ടി.ടി.സിക്ക് ചേരുകയും 1954-ല്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

അതോടെ അണ്‍ട്രെയ്ന്‍ഡ് ടീച്ചറുടെ ശമ്പളമായ നാല്‍പ്പത് രൂപയില്‍ നിന്നും എന്റെ ശമ്പളം അറുപത് രൂപയായി വര്‍ധിച്ചു. എച്ച്.എം. ആയി പ്രമോഷന്‍ കിട്ടിയെങ്കിലും അത് സ്വീകരിച്ചില്ല. ഓഫീസ് കാര്യങ്ങള്‍ക്കൊക്കെ കോട്ടക്കല്‍ വരെ പോകണമായിരുന്നു. ഇന്നത്തെ പോലെ വാഹനസൗകര്യമൊന്നുമില്ലാത്ത അക്കാലത്ത് അത് വലിയ ബുദ്ധിമുട്ട് തന്നെയായിരുന്നു.

വര്‍ഷങ്ങളോളം ഒന്നാം ക്ലാസി ലെ ടീച്ചറായിരുന്നു ഞാന്‍. മൂന്ന് തലമുറയിലെ കുട്ടികളെ പഠിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ധാരാളം ശിഷ്യഗണങ്ങള്‍. പലരും ഇപ്പോഴും ടീച്ചറെ കാണാനെന്ന്  പറഞ്ഞുവരുമ്പോള്‍, അവരുടെ സ്‌നേ ഹാദരവ് കാണുമ്പോള്‍ ഒക്കെ, ഞാ ന്‍ ഇന്നേ വരെ വാങ്ങിയ ശമ്പളത്തേക്കാളൊക്കെ എത്ര വലുതാണ് അതെന്ന് എനിക്ക് തോന്നുന്നു. ഇന്നത്തെ പോലെ രക്ഷിതാക്കള്‍ സ്‌കൂളില്‍ വരുന്ന പതിവൊന്നും അന്നില്ല. സ്‌കൂളില്‍ ചേര്‍ക്കാന്‍ കുട്ടികളെയും കൊണ്ടു വന്നാല്‍ അതായി. പിന്നെ എല്ലാ ഉത്തരവാദിത്വവും അധ്യാപകര്‍ക്ക് തന്നെ. എത്രയോ വിദ്യാര്‍ത്ഥികളെ, എന്റെ ഭര്‍ത്താവ് ഉപരിപഠനത്തിനായി ജെ.ഡി.ടി. യിലും മറ്റും കൊണ്ടുപോയി ചേര്‍ത്തിട്ടുണ്ട്. ചിലരെങ്കിലും ഇന്നും അതൊക്കെ ഓര്‍ക്കുന്നുണ്ടെന്ന് ഒരു മഹാഭാഗ്യമായി കരുതുന്നു.

അധ്യാപനജീവിതത്തിലെ ഓര്‍മ്മകള്‍ക്ക് ഒരു മങ്ങലും സംഭവിച്ചിട്ടില്ലെന്നത് എഴുതിത്തുടങ്ങുമ്പോഴാണറിയുന്നത്. എന്റെ മുന്നിലൂടെ കടന്നുപോയ ഓരോ കുരുന്നുമുഖവും ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. എല്ലാവരും ഇന്ന് മുതിര്‍ന്നവരാണ്. എങ്കിലും എന്റെ മനസ്സില്‍ അവരുടെ കുരുന്നുമുഖവും കാതില്‍ 'ടീച്ചറെ' എന്നുള്ള വിളിയും ഇപ്പോഴും ചെറുപ്പമായി തന്നെ നിലനില്‍ക്കുന്നു. അഞ്ചു വര്‍ഷം ഞങ്ങളുടെ അരുമശിഷ്യരായിരുന്ന, പിന്നീട് ജവിതവൃത്തിക്ക് വേണ്ടി ജോലിക്ക് പോയ, ജീവനോടെ മണ്ണിലകപ്പെട്ട ഏതാനും മുഖങ്ങളും ഈയവസരത്തില്‍ ഞാനോര്‍മ്മിക്കുന്നു. അങ്ങനെയങ്ങനെ... നിങ്ങളുടെ സുവനീറിന്റെ മുഴുവന്‍ പേജ് തന്നാ ലും എന്റെ ഓര്‍മ്മകള്‍ പകര്‍ത്താന്‍ തികയില്ല. കാരണം ഈ ആനക്കയത്തുള്ള മിക്കപേരും എന്റെ കുട്ടികളാണ്. അവരുടെയൊക്കെ കുട്ടിക്കാലം എന്റെ മുന്നില്‍കൂടിയായിരുന്നു കടന്നുപോയത്. എല്ലാം ഓര്‍മ്മിക്കുമ്പോള്‍ ജിവിതം ധന്യമായ പോലെ.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നമ്മുടെ വിദ്യാലയം

 ടി. മൊയ്തു മാസ്റ്റര്‍
ഓര്‍മ്മകളിലൂടെ ഒരു യാത്ര...
1974, കേരളത്തിലെ സ്‌കൂള്‍വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോ ളം സുപ്രധാനമായ ഒരു വര്‍ഷമായിരുന്നു. സര്‍ക്കാര്‍ മേഖലയില്‍ കുറേ അപ്പര്‍പ്രൈമറി സ്‌കൂളുകളും ഹൈ സ്‌കൂളുകളും സ്ഥാപിതമായ വര്‍ഷമായിരുന്നു അത്. നമ്മുടെ വിദ്യാലയം ജന്മമെടുത്തത് അന്നാണ്. ന മ്മുടെ അടുത്ത പ്രദേശങ്ങളായ ഇരുമ്പുഴി, മങ്കടപള്ളിപ്പുറം എന്നിവിടങ്ങളില്‍ ഹൈസ്‌കൂളുകള്‍ ഉണ്ടായതും ആ വര്‍ഷം തന്നെ.

1974 വരെ ആനക്കയത്തും സമീപപ്രദേശങ്ങളിലുമുള്ള കുട്ടികള്‍ക്ക് അപ്പര്‍പ്രൈമറിവിദ്യാഭ്യാസം നേടുന്നതിന് ദൂരെ പോകേണ്ട ദുരവസ്ഥയായിരുന്നു. ദരിദ്രകുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇത് പ്രയാസകരമാണെന്ന് പറയേണ്ടതില്ലല്ലോ. സമീപസ്ഥലത്ത് വിദ്യാലയമില്ലാതിരുന്നാല്‍ പലകുട്ടികളുടെയും പഠനം (വിശേഷിച്ച് പെണ്‍കുട്ടികളുടെ) നിന്നുപോകുന്ന അവസ്ഥയാണുണ്ടാവുക. ആനക്കയത്തിന് ചുറ്റുമുള്ള ഉള്‍പ്രദേശങ്ങളിലെ നിര്‍ധനകുടുംബങ്ങളിലെ കുട്ടികള്‍ക്ക് ലോവര്‍പ്രൈമറിക്ക് മേലെയുള്ള വിദ്യാഭ്യാസം ഒരു കിട്ടാകനി എന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.

സമൂഹത്തിന്റെ നാനാവിധത്തിലുള്ള പുരോഗതിക്കും സുസ്ഥിരതക്കും അടിത്തറയായി നിലകൊള്ളുന്നത് വിദ്യാഭ്യാസമാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല. വളരെ വിപുലമായൊരു മേഖലയാണ് വിദ്യാഭ്യാസം. ഉന്നതവിദ്യാഭ്യാസങ്ങള്‍ക്കെല്ലാം അടിത്തറയായി വര്‍ത്തിക്കുന്നത് ഏഴാം സ്റ്റാന്റേര്‍ഡ് വരെയുള്ള പ്രൈ മറിവിദ്യാഭ്യാസമത്രേ. ആ നിലക്ക് പ്രൈമറിവിദ്യാഭ്യാസത്തിന് തുല്യതയില്ലാത്ത സ്ഥാനവും പ്രധാന്യവുമാണുള്ളത് എന്ന് കാണാം.

1974-ല്‍ അന്നത്തെ കേരളസര്‍ ക്കാര്‍ അര്‍ഹതയുള്ള സ്ഥലങ്ങളില്‍ യു.പി.സ്‌കൂളുകളും ഹൈസ്‌കൂളുകളും അനുവദിക്കുന്നു എന്നറിഞ്ഞപ്പോള്‍ ആനക്കയത്തെ വിദ്യാഭ്യാസതല്‍പരരായ വ്യക്തികള്‍ ഇവിടെ ഒരു യു.പി.സ്‌കൂളിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

സ്‌കൂളിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് ആദ്യം തന്നെ സ്‌കൂള്‍ സ് പോണ്‍സറിങ്ങ് കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ടായിരുന്നു.  അതിപ്രധാനമായ രണ്ടു നിബന്ധനകള്‍ ഈ കമ്മി റ്റി പൂര്‍ത്തീകരിക്കേണ്ടിയിരുന്നു. ഒന്നാമതായി രണ്ടേക്കര്‍ ഭൂമി സര്‍ക്കാറിന് സൗജന്യമായി നല്‍കണം. രണ്ടാമതായി കെ.ഇ.ആര്‍. അനുശാസിക്കുന്ന അളവില്‍ മൂന്ന് മുറികളുള്ള ഒരു കെട്ടിടം മേല്‍പ്പറഞ്ഞ കമ്മിറ്റി വേഗത്തില്‍ ഉണ്ടാക്കണം. (കെട്ടിടം ആവുന്നത് വരെ തല്‍ ക്കാലം ക്ലാസ് നടത്തുന്നതിന് മദ്രസാകെട്ടിടമോ മറ്റോ ഉപയോഗിക്കാം)

പ്രയാസകരവും ഭാരമേറിയതുമായ ആദ്യത്തെ കടമ്പ ഭംഗിയായികടന്നു. അതായത് നിരപ്പായ രണ്ടേക്കര്‍ സ്ഥലം കേരളസര്‍ക്കാറിന് സൗജന്യമായികൊടുത്ത് ആധാരം രജിസ്റ്റര്‍ ചെയ്തു. ആദ്യത്തെ ക്ലാസ് (അഞ്ചാം സ്റ്റാന്റേര്‍ഡ്) അടുത്തുള്ള മദ്രസയില്‍ നടത്തുവാന്‍ മദ്രസാകമ്മിറ്റി അനുവദിക്കുകയും ചെയ്തു. ക്ലാസ് ആരംഭിക്കുന്നതിന് ആദ്യമായി ചെയ്യേണ്ടിയിരുന്നത് അഞ്ചാം തരത്തില്‍ കുട്ടികളെ അഡ്മിറ്റ് ചെയ്യുക എന്നതായിരുന്നു. അതിന്നായി പുള്ളിയിലങ്ങാടി നിവാസിയും അവിടെയുള്ള ആനക്കയം ജി.എം.എല്‍.പി. സ്‌കൂള്‍ അധ്യാപകനുമായിരുന്ന ശ്രീ. കെ. കുഞ്ഞിവീരാന്‍മാസ്റ്ററെ ഇങ്ങോട്ട് ഡെപ്യൂട്ട് ചെയ്യുകയും ചെയ്തു. അദ്ദേഹമാണ്, അന്ന് അഞ്ചാം തരം നിലനിര്‍ത്തിയിരുന്ന ആനക്കയം എ.എം.എല്‍.പി. സ്‌കൂളി ല്‍ നിന്ന് അഞ്ചാം തരത്തിലെ കുട്ടികളെ ടി.സി. വാങ്ങി ഇവിടെ ചേര്‍ത്തത്.

പെട്ടെന്ന് കാര്യങ്ങള്‍ നടക്കാന്‍ എ.ഇ.ഒ. വിന്റെ നിര്‍ദ്ദേശമനുസരിച്ച് കുഞ്ഞിവീരാന്‍മാസ്റ്റര്‍ താല്‍കാലികമായി ചുമതലയേറ്റതായിരുന്നു. ആരോഗ്യപരമായി അദ്ദേഹത്തിന് പ്രയാസമുണ്ടായിരുന്നതിനാല്‍, അന്ന് ഇരുമ്പുഴി യു.പി. സ്‌കുളിലായിരുന്ന വിനീതനായ എന്നോട് ആനക്കയം ജി.യു.പി. സ്‌കൂളിലേക്ക് സ്ഥലമാറ്റം ചോദിക്കാനാവശ്യപ്പെട്ടു. അതി നനുസരിച്ച് ഞാന്‍ ഇങ്ങോട്ട് ട്രാന്‍സ് ഫര്‍ ആവശ്യപ്പെട്ടത് പ്രകാരം എന്നെ ഇങ്ങോട്ട് മാറ്റുകയും ചെയ്തു. 1974 നവംബര്‍ 1-ന് ഞാന്‍ ഇവിടെ ടീച്ചര്‍ ഇന്‍ചാര്‍ജ്ജ് (പ്രധാനാധ്യാപകന്റെ ചുമതല നിര്‍വ്വഹിക്കുന്ന അധ്യാപകന്‍) ആയി ജോയിന്‍ ചെയ്യുകയും ചെയ്തു. (അന്ന് മുതല്‍ 1993-ല്‍ സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്നത് വരെ ഞാന്‍ ഇവിടെ തന്നെയായിരുന്നു)

1974-75 വര്‍ഷത്തില്‍ ഒരു ക്ലാസും ഒരധ്യാപകനും മാത്രമാണുണ്ടായിരുന്നത്. ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ (എ.ഇ.ഒ) നടത്തുന്ന കോണ്‍ഫറന്‍സ്, മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ എന്നിവക്കായി പോകേണ്ടിയിരുന്നതിനാല്‍ ചില ദിവസങ്ങളില്‍ ഏക അധ്യാപകനായ എനിക്ക് സ്‌കുളില്‍ ഹാജരാകാന്‍ പറ്റാത്ത അവസ്ഥ വരുമായിരുന്നു. ആ ദിവസങ്ങളില്‍ ഇരുമ്പുഴി ജി.എം.യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്ററോട് തലേന്ന്  ബന്ധപ്പെട്ട് അവിടെനിന്ന് ഒരധ്യാപകനെ ഇങ്ങോട്ടയപ്പിക്കുകയാണ് ചെയ്തിരുന്നത്. അറബി പഠിപ്പിക്കുന്നതിന് ആനക്കയം   ജി.എം.എല്‍.പി.എസ്. ല്‍ നിന്ന് എന്റെ നാട്ടുകാരനും സുഹൃത്തുമായ കെ.എം. സൈഫുദ്ദീന്‍മാസ്റ്ററെ ആഴ്ചയില്‍ രണ്ടു ദിവസം ഇവിടെ ജോലിചെയ്യാന്‍ എ.ഇ.ഒ ഏര്‍പ്പാട് ചെയ്തിരുന്നു.

അടുത്തവര്‍ഷം (1975-76) രണ്ടു ക്ലാസുകളായി. അഞ്ചും ആറും സ്റ്റാന്റേഡുകള്‍. ഒരു ടീച്ചറെകൂടി നിയമിച്ചു. പിറ്റത്തെ വര്‍ഷം (1976-77) ഏഴാം സ്റ്റാന്റേഡുമായി. യു.പി.സ്‌കൂള്‍ പൂര്‍ത്തിയാക്കി. അക്കൊല്ലമാണ് സ്‌കൂളിന് ഹെഡ്മാസ്റ്റര്‍ എന്ന പ്രത്യേകതസ്തികയുണ്ടായത്. ആദ്യത്തെ ഹെഡ്മാസ്റ്ററായി മങ്കടപള്ളിപ്പുറം നിവാസി എന്‍. അലവിമാസ്റ്റര്‍, മേലാക്കം ജി.യു.പി. സ്‌കൂളില്‍ നിന്ന് ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ വാങ്ങി ഇവിടെ ചാര്‍ജ്ജെടുത്തു. റിട്ടയര്‍ ചെയ്യുന്നത് വ രെ അദ്ദേഹം ഇവിടെ സേവനം ചെയ്തു.

ഇതിനിടയില്‍ സ്‌കൂള്‍ സ്‌പോ ണ്‍സറിംഗ് കമ്മിറ്റി ബാധ്യത ഏറ്റെ ടുത്ത് മൂന്ന് മുറികളുള്ള കെട്ടിടം നിര്‍മ്മിച്ചിരുന്നു. അതിലേക്ക് അത്യാവശ്യം വേണ്ട ബെഞ്ച്, ഡസ്‌ക്, മേശ എന്നീ ഫര്‍ണിച്ചറും. ഈ കെട്ടിടത്തില്‍ ഓഫീസും രണ്ട് ക്ലാസുകളും നടത്തി. ബാക്കി ക്ലാസുകള്‍ മദ്രസയില്‍ തന്നെ.

പിന്നീട് സ്‌കൂള്‍ പി.ടി.എ. കമ്മറ്റിയുടെയും മറ്റ് വിദ്യാതല്‍പരരുടെയും കഠിനപരിശ്രമത്തിന്റെ ഫലമായി നമ്മുടെ ഇരുനിലകെട്ടിടം നിര്‍മ്മിക്കപ്പെട്ടു. അതിലേക്ക് വേണ്ട ഫര്‍ണിച്ചറും സര്‍ക്കാറില്‍ നിന്ന് തന്നെ കിട്ടി. അപ്പോഴാണ് കുട്ടികള്‍ക്ക് സൗകര്യമായിരുന്ന് പഠിക്കാനും അധ്യാപകര്‍ക്ക് ഫലപ്രദമായി പഠിപ്പിക്കാനും സാധിക്കുന്ന ശരിയായ ഒരവസ്ഥയുണ്ടായത്.

ആനക്കയം, പുള്ളിയിലങ്ങാടി, പുല്ലഞ്ചേരി, ചേപ്പൂര്‍, ചെക്ക്‌പോസ്റ്റ്, മുട്ടിപ്പാലം, പാണായി, പെരിമ്പലത്തിന്റെ ഒരു ഭാഗം എന്നിവിടങ്ങളില്‍ നിന്ന് എല്‍.പി. വിദ്യാഭ്യാസം കഴി ഞ്ഞ കുട്ടികളെ ഇവിടെ ചേര്‍ത്തത് കൊണ്ട് ക്ലാസ് ഡിവിഷനുകളുടെ എണ്ണവും തന്മൂലം അധ്യാപകരുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചു.

ഇതിനിടയില്‍ അസാധാരണം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രധാനസംഭവവുമുണ്ടായി. യു.പി.വിഭാഗം മാത്രമുണ്ടായിരുന്ന ഈ സ്‌കൂളില്‍ എല്‍.പി. വിഭാഗം കൂടിയുണ്ടായിത്തീര്‍ന്ന സംഭവമാണത്. ആനക്കയത്ത് തന്നെയുണ്ടായിരുന്ന മാനേജ്‌മെന്റ് സ്‌കൂളായ എ.എം.എല്‍.പി. സ്‌കൂള്‍ ഇനി നടത്തിക്കൊണ്ടുപോകാന്‍ തനിക്ക് കഴിയില്ല എന്ന് പ്രസ്തുത സ്‌കൂള്‍ മാനേജര്‍ സര്‍ക്കാറിലേക്ക് എഴുതി അറിയിച്ചു. എയ്ഡഡ് സ്‌കൂളിനെ സംബന്ധിച്ചിടത്തോളം സുരക്ഷിതത്വമുള്ള കെട്ടിടവും ഫര്‍ണിച്ചറും ഉണ്ടാക്കുക എന്നത് മാനേജറുടെ ബാധ്യതയാണ്. എ.എം.എല്‍.പി. സ്‌കൂളിന്റെ അവസ്ഥ തീര്‍ത്തും ശോചനീയമായിരുന്നു. സര്‍ക്കാര്‍ നിബന്ധനകള്‍ക്കനുസൃതമായി സ്‌കൂള്‍ ബില്‍ ഡിംഗ് പുതുക്കി പണിയുവാന്‍ സാ മ്പത്തികശേഷികുറഞ്ഞ മാനേജര്‍ക്ക് സാധിക്കാതെവന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം തനിക്ക് സ്‌കൂള്‍ തന്നെ വേണ്ട എന്ന നിലപാടെടുത്തത്. തന്മൂലം  ആനക്കയത്തെ എല്‍.പി.ക്ലാസുകളിലെ കൊച്ചുകുട്ടികളുടെ വിദ്യാഭ്യാസം വഴിമുട്ടി. എന്നാ ല്‍ ഈ പ്രതിസന്ധിക്ക് നാട്ടുകാര്‍ പരിഹാരമാര്‍ഗ്ഗം കണ്ടു. എല്‍.പി. വിഭാഗം ഇല്ലാതിരുന്ന ഈ യു.പി. സ്‌കൂളില്‍ എല്‍.പി. വിഭാഗം കൂടി തുടങ്ങാന്‍ സര്‍ക്കാര്‍ സമ്മതിച്ചാല്‍ പ്രശ്‌നം തീരുമെന്ന് നാട്ടിലെ വിദ്യാതല്‍പരര്‍ മനസ്സിലാക്കി.

തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ആനക്കയം ജി.യു.പി. സ്‌കൂളില്‍ എല്‍.പി.വിഭാഗം തുടങ്ങാന്‍ സര്‍ക്കാര്‍ ഓര്‍ഡറായി. എ.എം.എല്‍.പി. സ്‌കൂളിലെ കുട്ടികളെ നമ്മുടെ സ്‌കൂളില്‍ ചേര്‍ത്തു. അവിടുത്തെ അധ്യാപകരെ ഗവണ്‍ മെന്റ് സ്‌കൂള്‍ അധ്യാപകരില്‍ ഉള്‍ പ്പെടുത്തി ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. സുപ്രധാനമായ ഈ സംഭവം നടന്നത് 1987-88 വിദ്യാഭ്യാസ വര്‍ഷത്തിലാണ്. ഇതോ ടെ ഈ സ്‌കൂള്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളുള്ള ഒരു പൂര്‍ണ്ണ യു.പി. സ്‌കൂളായി.

ഈ വിദ്യാലയത്തില്‍ ഇതിനകം സേവനം ചെയ്ത പ്രധാനാധ്യാപകരെ ഈയവസരത്തില്‍ അനുസ്മരിക്കുന്നത് ഉചിതമായിരിക്കും. പ്രഥമ പ്രധാനധ്യാപകന്‍ പരേതനായ ശ്രീ. എന്‍.അലവിമാസ്റ്ററായിരുന്നു എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. അതിന് ശേഷം യഥാക്രമം ശ്രീ.സി. ഭാസ്‌ക്കരന്‍ മാസ്റ്റര്‍, ശ്രീ. കെ.വി. ഗംഗാധരന്‍മാസ്റ്റര്‍, ശ്രീ. കെ.വി. സക്കറിയമാസ്റ്റര്‍ എന്നിവര്‍ സ്‌കൂ ളിനെ നയിച്ചു. ഇവരെല്ലാം ഈ ലേഖകന് അടുത്ത് പരിചയമുള്ളവരാണ്. എല്ലാവരും സ്‌കൂളിന്റെ പുരോഗതിക്കുവേണ്ടി ആവുന്നത്ര പ്രയത്‌നിച്ചിട്ടുണ്ട് എന്നു എനിക്ക് സംശയമെന്യേ പറയാന്‍ കഴിയും. ഇവര്‍ക്ക് ശേഷം യഥാക്രമം ശ്രീ. എ. സെയ്തലവിമാസ്റ്റര്‍, ശ്രീ. കെ.ടി. അബൂബക്കര്‍മാസ്റ്റര്‍, ശ്രീ. പി.ആര്‍. സുകുമാരന്‍നായര്‍, ശ്രീ. കെ.ജെ. ബാബുറാംമാസ്റ്റര്‍ എന്നിവര്‍ ഈ സ്‌കൂളിന്റെ അമരത്തിരുന്നിട്ടുണ്ട്. ഇപ്പോള്‍ നാട്ടുകാരനായ ശ്രീ. കെ.എം. അബ്ദുല്‍റഷീദ്മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി സേവനം ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാവരും തൃപ്തികരമായി സേവനമനുഷ്ഠിച്ചിട്ടുണ്ട് എന്നു തന്നെയാണ് ഈ ലേഖകന്‍ മനസ്സിലാക്കുന്നത്. നാട്ടുകാരനാവുമ്പോള്‍ വിദ്യാലയത്തോട് പ്രതിബദ്ധത കൂടുന്നത് സ്വാഭാവികമാണ്. ആ നിലക്ക് അബ്ദുല്‍റഷീദ്മാസ്റ്റര്‍ക്ക് ശോഭനമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അതിന് ദൈവം അനുഗ്രഹിക്കുമാറാകട്ടെ. ആനക്കയത്തിന്റെ അഭിമാനസ്തംഭമായ ഈ വിദ്യാലയത്തിന് എല്ലാ നന്മകളും ആശംസിക്കുന്നു. അതിന്നായി ജഗന്നിയന്താവായ ദൈവം തുണക്കുമാറാകട്ടെ...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വാട്ടര്‍ട്രീറ്റ്‌മെന്റ്പ്ലാന്റ് ആനക്കയം

ജലശുദ്ധീകരണത്തിന്റെ ശാസ്ത്രീയമാതൃക


അതിപുരാതനകാലം മുതല്‍ (ബി.സി. 4500) ഇന്ത്യയില്‍ ജലശുദ്ധീകരണം നിലനിന്നിരുന്നു എന്നാണ് പ്രാചീനഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ജലം ശുദ്ധീകരിക്കേണ്ടതിന്റെ ആവശ്യകത എല്ലാവര്‍ക്കും ബോധ്യമായതിനാല്‍ ജലശുദ്ധീകരണത്തിന് വേണ്ടിയുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍ ശാസ്ത്രലോകത്തിന് എന്നും താല്‍പര്യമുള്ളതായിരുന്നു. അമിതമായ ജനസംഖ്യാവര്‍ധനവും അതിനോടനുബന്ധിച്ചുള്ള ജലമലിനീകരണവും സാധാരണമായ ഇക്കാലത്ത് പുതിയതും ചെലവ് കുറഞ്ഞതുമായ ജലശുദ്ധീകരണ സംവിധാനങ്ങളുടെ പ്രാധാ ന്യം എടുത്ത് പറയേണ്ടതില്ലല്ലോ
ശുദ്ധമായ ജലത്തെ എങ്ങനെ തിരിച്ചറിയാം?

ശുദ്ധമായ ജലത്തിന്റെ യോഗ്യതകള്‍ ഏകദേശം താഴെ പറയുന്നവയാണ്.

1 ജലം തെളിഞ്ഞതായിരിക്കുക
2 നിറവും മണവുമില്ലാതിരിക്കുക
3 രോഗാണുക്കള്‍ ഇല്ലാതിരിക്കുക
4 അപകടകാരികളായ ധാതുലവണ     ങ്ങള്‍ ഇല്ലാതിരിക്കുക
5 ശരീരത്തിനാവശ്യമായ ധാതുലവണങ്ങള്‍ ഉണ്ടായിരിക്കുക
6 നിറം ഉണ്ടാകാതിരിക്കുക

എന്താണ് ജലശുദ്ധീകരണം?

ജലശുദ്ധീകരണം എന്നു പറഞ്ഞാല്‍ മേല്‍ പറഞ്ഞതു പോലെയുള്ള യോഗ്യതകളില്ലാത്ത ജലത്തെ ചില പ്രക്രിയകളിലൂടെ യോഗ്യതയുള്ളവയാക്കിയെടുക്കുകയാണെന്ന് പറയാം. ചുരുങ്ങിയ ചെലവില്‍, ശുദ്ധവും രോഗാണുവിമുക്തവുമായ ജലം ലഭ്യമാക്കുകയെന്നതാണ് ജലശുദ്ധീകരണത്തിന്റെ പ്രധാനലക്ഷ്യം. ആധുനിക ജലശുദ്ധീകരണമാര്‍ഗ്ഗങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുക എന്നതാണ് വാട്ടര്‍ അതോറിറ്റിപോലുള്ള സ്ഥാപനങ്ങളുടെ പ്രധാനഉദ്ദേശ്യം. കേരളത്തില്‍ പൊതുവേ കാണപ്പെടുന്ന ജലമലിനീകരണപ്രശ്‌നങ്ങള്‍ താഴെപറയുന്നവയാണ്:
 
1 ബാക്ടീരിയകളുടെ ആധിക്യം
2 പി.എച്ച് മൂല്യത്തിന്റെ വ്യതിയാനം
(എ) കുറഞ്ഞ പി.എച്ച്. മൂല്യം-പുളി രുചി
(ബി) ഉയര്‍ന്ന പി.എച്ച്. മൂല്യം-കാരരുചി
3 ജൈവമലിനീകരണം
(എ) നിറവ്യത്യാസം സംഭവിക്കുക
(ബി) അരോചകമായ മണം, രുചി
4 കാഠിന്യം അധികമാകുക
(എ) പതയുന്നതിന് കൂടുതല്‍ സോപ്പ് ആവശ്യമായി വരിക
(ബി) ചൂടാക്കുമ്പോള്‍ വെളുത്തപൊടി അടിയുക
5 പായല്‍ വളര്‍ച്ച
(എ) പകല്‍സമയത്ത് നിറം മോശമാകുകയും രാത്രിസമയത്ത് സാധാരണ നിറമാകുകയും ചെയ്യുക
(ബി) ജലത്തിന് അസ്വസ്ഥമായ മണവും രുചിയും ഉണ്ടാകുക
6 കാര്‍ബണേറ്റ് അടിഞ്ഞു ചേരുക
(എ) ജലം തട്ടുന്ന സ്ഥലങ്ങളില്‍ വെളുത്ത പൊടികാണുക
(ബി) ജലത്തിന് വെളുത്തനിറമുണ്ടാകുക
7 കീടനാശിനിയുടെ സാന്നിദ്ധ്യം
8 അമിതമായ ഫ്‌ളൂറൈഡും ക്ലോറൈഡും

മേല്‍ പറഞ്ഞ ജലമലിനീകരണഅവസ്ഥകളെ ഇല്ലായ്മ ചെയ്ത് ജലം ശുദ്ധീകരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. ജലശുദ്ധീകരണപ്ലാന്റില്‍ വെച്ച് മാത്രം നടത്താന്‍ കഴിയുന്ന ശുദ്ധീകരണമാര്‍ഗ്ഗങ്ങളെ പറ്റി പരാമര്‍ശിക്കുന്നില്ല. വീടുകളില്‍ നമുക്ക് ചെയ്യാവുന്ന ചില പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കുന്നത് ഉചിതമായിരിക്കും.
ബാക്ടീരിയകളുടെയും മറ്റു രോഗാണുക്കളുടെയും സാന്നിദ്ധ്യം ഒഴിവാക്കാന്‍ ജലം ചൂടാക്കിയാല്‍ മതി. ബ്ലീച്ചിംഗ്പൗഡര്‍ ചേര്‍ക്കുന്നതും അണുനശീകരണത്തിനുള്ള മാര്‍ഗ്ഗമാണ്. കൂടാതെ ആല്‍ഗകളുടെ വളര്‍ച്ചയെയും ഇത് തടയുന്നു. ജലത്തെ ചിരട്ടക്കരിയിലൂടെ കടത്തിവിട്ടാല്‍ കീടനാശിനികള്‍ മൂലമുള്ള വിഷാംശം ഒഴിവാക്കാവുന്നതാണ്. കിണറിന്റെ മുകള്‍ഭാഗം മൂടിയിടരുത്. കപ്പിയും കയറുമുപയോഗിച്ച് കുടിവെള്ളം എടുക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഓക്‌സിജനുമായി കൂടുതല്‍ ജലം ബന്ധപ്പെടുന്നു.

വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്

മുമ്പ് പറഞ്ഞതുപേലെയുള്ള മലിനീകരണപ്രശ്‌നങ്ങള്‍ ഒന്നായിതന്നെ ജലത്തില്‍ കാണാവുന്നതാണ്. ഈ മലിനീകരണപ്രശ്‌നങ്ങളെല്ലാം ഇല്ലായ്മ ചെയ്ത് ശാസ്ത്രീയമായി ജലം ശുദ്ധീകരിക്കുക എന്ന പ്രക്രിയയാണ് ജല ശുദ്ധീകരണ പ്ലാന്റില്‍ ചെയ്യുന്നത്.

ഒരു ജലശുദ്ധീകരണ പ്ലാന്റിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളാണ്.

1) എയറേറ്റര്‍ 2) ഫ്‌ളാഷ് മിക്‌സര്‍ 3) ക്ലാരിഫ്‌ളോക്കുലേറ്റര്‍ 4) ഫില്‍ട്ടര്‍ 5) ഡിസ്ഇന്‍ഫെക്ഷന്‍യൂണിറ്റ്  7)ലബോറട്ടറി

ആലവും ലൈമും ജലവുമായി നേരിട്ട് മിക്‌സ് ചെയ്യുന്നതിന് ഫ്‌ളാഷ് ഉപയോഗിക്കുന്നു. ക്ലാരിഫ്‌ളോക്കുലേറ്റര്‍ അടിയിക്കല്‍ നടത്തുന്നതിനുള്ള യൂണിറ്റാണ്. ജലത്തിന്റെ ഗുണനിലവാരം അളക്കുന്നത് ലബോറട്ടറിയില്‍ വെച്ചാണ്.

ഒരു വാട്ടര്‍ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ പ്രധാനമായും നടത്തുന്ന ശുദ്ധീകരണപ്രക്രിയകള്‍ താഴെ പറയുന്നവയാണ്:

1) എയറേഷന്‍: എയറേഷന്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ജലത്തെ വായുവുമായി ബന്ധിപ്പിക്കുക എന്നു മത്രമാണ്.

2) അടിഞ്ഞുചേരല്‍ (സെഡിമെന്റെഷന്‍): ജലത്തില്‍ അലിയാതെ നില്‍ക്കുന്ന മാലിന്യങ്ങളെ കുറേസമയം അനങ്ങാതെ നിര്‍ത്തി അടിയിച്ചെടുക്കുന്ന പ്രവൃത്തിക്കാണ് സെഡിമെന്റെഷന്‍ എന്നു പറയുന്നത്. അടിയിക്കലിന് പ്രധാനമായും ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ആലവും ഫെറിക് സള്‍ഫേറ്റുമാണ്.
3) അരിക്കല്‍ (ഫില്‍ട്രേഷന്‍)

ആല്‍ഗ, ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികളെയും കളിമണ്ണ്, ഊറല്‍, മണ്ണ് തുടങ്ങി തീരെ  ചെറിയ അലേയ വസ്തുക്കളെയും മാറ്റിയെടുക്കുന്നതിലാണ് ജലശുദ്ധീകരണത്തില്‍ ഫില്‍ട്രേഷന്റെ പ്രസക്തി. നിറവും മണവും കലക്കലും മാറ്റിയെടുക്കുന്നതിനും ഈ പ്രക്രിയ സഹായിക്കുന്നു. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ക്ലാരിഫ്‌ളോക്കുലേറ്ററില്‍ നിന്നും ജലം ഫില്‍ട്ടറില്‍ എത്തിച്ചേരുന്നു. ക്ലാരിഫ്‌ളോക്കുലേറ്ററില്‍ ഒഴിവാകാതെ പോയ ഏതെങ്കിലും കലക്കലുണ്ടെങ്കില്‍ അതിനെ ഒഴിവാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
അണുനശീകരണം: രോഗകാരികളായ അണുക്കളെ നശിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ജലത്തിലൂടെ പകരുന്ന രോഗങ്ങളെ തടയുന്നതിന് ഇത് സഹായിക്കുന്നു. ക്ലോറിനേഷന്‍, ഡ.ഢ. കിരണങ്ങള്‍, ഓസോണ്‍, പൊട്ടാ സ്യം പെര്‍മാംഗനേററ് തുടങ്ങിയ വിവിധ മാര്‍ഗങ്ങളിലൂടെ അണുനശികരണം നടത്തുന്നു.
ആനക്കയം പെരിമ്പലം റോഡി ല്‍ സ്ഥിതിചെയ്യുന്ന വാട്ടര്‍ട്രീറ്റ്‌മെന്റ് പ്ലാന്റ് മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്.

ആനക്കയം പഞ്ചായത്ത്, മഞ്ചേ രി മുനിസിപ്പാലിറ്റിയുടെ ഒരു ഭാഗം എന്നിവിടങ്ങളില്‍ ശുദ്ധജലവിതരണം നടത്തുന്നത് ഇവിടെനിന്നാണ്.  കടലുണ്ടി പുഴയില്‍ നിന്നാണ് ആവശ്യമായ വെള്ളം പ്ലാന്റിലേക്ക് എടുക്കുന്നത്. വ്യാപകമായ മണലെടുപ്പ് കാരണം നമ്മുടെ പുഴ നശിച്ചുകൊണ്ടിരിക്കുകയാണ്. നാം ഓര്‍ക്കുക... പുഴയുണ്ടെങ്കില്‍ മാത്രമേ നമ്മുടെ വീടുകളില്‍ ശുദ്ധജലമെത്തൂ...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ആനക്കയം പാലം

മരണത്തിലേക്കൊരു  പാലം....
ജീവിതത്തിലേക്കും...


മരണത്തിലേക്ക്:
  
ഈരാമുടുക്കിലേക്ക് പുകതുപ്പി കിതച്ചുവന്ന സി.സി. ബസിലെയാത്രക്കാര്‍ പാലം പണിക്കായി മണ്ണ് മാന്തുന്ന വരോട് അബദ്ധം കാണിക്കരുതെന്ന് പലവട്ടം പറഞ്ഞുവത്രെ. ഇരുവശവും ചെത്തിയിറക്കി മിടുക്കുകാട്ടിയ ഞങ്ങളോടാണോ ഈ ഉപദേശം എന്ന മട്ടില്‍ ആരും ഒന്നും കേട്ടതായി ഭാവിച്ചില്ല. പറയേണ്ടത് പറഞ്ഞു എന്ന സമാധാനത്തില്‍ സി.സി. ബസും യാത്രക്കാരും മലപ്പുറത്തേക്ക് കിതച്ചു നീങ്ങി. നടുവില്‍ മാത്രം ബാക്കിയായ മണ്ണിളക്കാന്‍ കുന്നിന്‍ചെരുവില്‍ പാരക്കോലും മറ്റു ഉപകരണങ്ങളും ഉപയോഗിച്ചു പണിക്കാര്‍ മണ്ണെടുപ്പുതുടര്‍ന്നു. ആനക്കയം അങ്ങാടിയില്‍ ചായക്കടനടത്തുന്ന കരുവത്തില്‍ മൂസാക്ക ചായയുമായി പണിസ്ഥലത്തെത്തിയപ്പോള്‍ മാത്രം പണിക്കാര്‍ അല്‍പം വിശ്രമിച്ചു. ഇങ്ങിനെ മണ്ണെടുക്കുന്നതു അപകടമാണെന്ന് മൂസാക്ക സൂചിപ്പിച്ചെങ്കിലും ചായക്കുശേഷം പണിക്കാര്‍ പണി തുടര്‍ന്നു. ചായകുടിച്ച പണിക്കാരുടെ എണ്ണം കുറിച്ചെഴുതി മൂസാക്ക മടങ്ങാനൊരുങ്ങി. പാലനിര്‍മ്മാണത്തിന് മണ്ണ് കൊണ്ടുപോകാനുള്ള ലോറി കുന്നിനോട് ചേര്‍ന്നുവന്നുനിന്നു.

തമ്മില്‍ കളിയാക്കിയും തലതല്ലിച്ചിരിച്ചും പാലം പണിയില്‍ ഏര്‍പ്പെട്ടിരുന്ന പണിക്കാര്‍ക്കരികിലേക്ക് ദുരന്തവാര്‍ത്തുയും പേറി വന്നതാരെന്നുപോലും നോക്കാതെ എല്ലാവരും ഈരാമുടുക്കിലേക്കു കുതിച്ചു. മണ്ണിടിഞ്ഞത് മാറ്റാന്‍പറ്റുന്നതെന്തും ആളുകള്‍ കയ്യില്‍ കരുതിയിരുന്നു.
ഒരു മലമുഴുവനും കയറ്റാനൊരുങ്ങി പരാജയപ്പെട്ട് നടുവൊടിഞ്ഞതു പോലെ കിടക്കുന്നലോറി. ആര്‍ത്ത് കരയുന്ന ജനങ്ങള്‍. കയ്യില്‍കിട്ടിയതെന്തുകൊണ്ടും മണ്ണ് മാന്തുന്ന നാട്ടുകാര്‍.
മണ്ണില്‍പൂണ്ടുകിടക്കുന്നവരെ അതിവേഗം പുറത്തെടുത്ത് രക്ഷപ്പെടുത്തുന്ന നാട്ടുകാര്‍ക്കപ്പോള്‍ ഒരൊറ്റ മനസ്സായിരുന്നു.

ദുരന്ത മുഖത്ത് പകച്ചുനിന്നവര്‍ സൈറ്റ് സൂപ്പര്‍വൈസര്‍മാര്‍ മാത്രമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പല രക്ഷാപ്രവര്‍ത്തകര്‍ക്കും പരിക്കേല്‍ക്കുന്നുണ്ടായിരുന്നു. വൈകിയെത്തിയ എം.എസ്.പി. ഫോഴ്‌സിനും കര്‍മ്മസേനക്കും ചെയ്യാന്‍ കഴിയുന്നതിലേറെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ മികവുകാട്ടിയത്.

മണ്ണിന്റെ പുറത്ത് അല്‍പം മുടികണ്ട് ഒരുപറ്റം ആളുകള്‍ അവിടുത്തെ മണ്ണുമാന്താന്‍ തുടങ്ങി. മണ്ണില്‍ മുഴുവന്‍ മൂടിപോയിരുന്ന യുവതിയെ രക്ഷാപ്രവര്‍ത്തകര്‍ മണ്ണില്‍നിന്നും പുറത്തെടുത്തു. ജീവന്റെ തുടിപ്പുകണ്ട നാട്ടുകാര്‍ അവരെയും പേറി വാഹനത്തിനരികിലേക്കോടി. (മുട്ടിപ്പാലം കയ്യറമാടി നാടിക്കുട്ടിയുടെ മകള്‍ സരോജിനി എന്ന അവര്‍ 2009 വര്‍ഷത്തില്‍ ക്യാന്‍സര്‍ പിടിപെട്ടാണ് മരിച്ചത്) 7.30 ന് അകാശവാണി ഡല്‍ഹിവാര്‍ത്തയില്‍ ദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്തവന്നതായി ആരോ ഉറക്കെപറഞ്ഞെങ്കിലും പലരും അതു കേട്ടില്ലെന്നുനടിച്ചു.

കൈമെയ് മറന്ന് രക്ഷാപ്രവര്‍ ത്തനം നടത്തിയവര്‍ക്കിടയില്‍ നി ന്നും ഒരാളെകിട്ടി... ജിവനില്ല എ ന്നും... ഒരാളെക്കൂടി കിട്ടി ജീവനുണ്ട്... എന്നീ വാക്കുകള്‍ മാത്രമേ പുറത്തേക്കു വന്നിരുന്നുള്ളൂ. രക്ഷാപ്രവര്‍ത്തിലേര്‍പ്പെട്ടവരാരും തന്നെ 4.10 ല്‍ നിന്നും 10 മണിയിലെക്ക് സഞ്ചരിച്ച മണിക്കൂര്‍സൂചിയുടെ കിതപ്പറിഞ്ഞില്ല. കണ്‍മുന്നിലൂടെ ജീവിതപടവിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയവരുടെ മുഖം ആര്‍ക്കുമറിയില്ലെങ്കിലും മണ്ണില്‍ നിന്നും മണ്ണിലേക്കുമടങ്ങിയ പത്തു ജീവിതങ്ങളുടെ കണ്ണിമചിമ്മിയ മുഖം സ്വന്തം കണ്ണിമചിമ്മിയിട്ടും നാട്ടുകാരുടെ മുന്നില്‍ നിന്നും മാഞ്ഞില്ല.

രാത്രി പത്തു മണി കഴിഞ്ഞ് തിരച്ചില്‍ തല്‍ക്കാലത്തേക്കു നിര്‍ത്തിവെച്ച് നാട്ടുകാര്‍ ഒന്നാകെ ആനക്കയം അങ്ങാടിയില്‍ തടിച്ചുകൂടി. ആള്‍ക്കൂട്ടത്തിനിടയിലേക്കു കയറിവന്ന സൈറ്റ് സൂപ്പര്‍വൈസര്‍മാരെ ആനക്കയത്തെ പൗരപ്രമുഖര്‍ ചോദ്യം ചെയ്യുകയുണ്ടായെങ്കിലും അന്ന് പണിയെടുത്ത ആളുകളുടെ എണ്ണം പോലും അവര്‍ക്കറിയില്ല എന്നായിരുന്നു മറുപടി. ആയതുകൊണ്ടുതന്നെ കരുവത്തില്‍ മൂസ്സാക്കയുടെ ചായകണക്കിലാണ് ആളുകളുടെ എണ്ണം തിട്ടപ്പെടുത്തിയത്. അന്യായം ആരുടെ ഭാഗത്തു കണ്ടാ ലും ആനക്കയത്തുകാര്‍ അടിയിലൂടെ മറുപടി കൊടുത്തതിന്റെ ചരി ത്രമാരംഭിക്കുന്നതും അവിടെ നിന്നുതന്നെയാണ്. രക്തം വാര്‍ന്നൊഴുകുന്ന സൈറ്റ് സൂപ്പര്‍വൈസര്‍മാരുടെ മുഖം ആ വലിയ ദുരന്തത്തിനിടയില്‍ ഒരു പൊടി സഹതാപം പോലും അര്‍ഹിച്ചിരുന്നില്ല.

കിഴക്ക് സൂര്യനെണീക്കും മുമ്പുതന്നെ നാട്ടുകാരെണീറ്റ് ദുരന്തസ്ഥലമായ ഈരാമുടുക്കിലെത്തി തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. ആരും അരെയും കാത്തുനില്‍ക്കുന്നതായി അറിവില്ലാത്തതിനാലും ആരെയും കണ്ടെത്താത്തതിനാലും മണ്ണില്‍ നി ന്നും മണ്ണിലേക്കു മടങ്ങിയവരുടെ പേരുകള്‍ ഏവരും അരക്കിട്ടുറപ്പിച്ചു.

1. കൃഷ്ണന്‍ ആനക്കയം, 2.കുഞ്ഞാത്തു ആനക്കയം, 3.ചേരിയില്‍ കദിജ ആനക്കയം, 4.ആയിശ, ആനക്കയം 5.മറിയുമ്മ മുട്ടിപ്പാലം, 6.യശോദ പള്ളിപ്പുറം 7. പാത്തുമ്മ ചെക്ക്‌പോസ്റ്റ്.  പട്ടിക നീളുന്നു...

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 3,000 രൂപ നഷ്ടപരിഹാരമാണ് ലഭിച്ചത്. ആയൊരു ചടങ്ങോടെതന്നെ ആനക്കയം കണ്ട ഒരുവലിയ ദുരന്തത്തിനുമേല്‍ മറവിയുടെ മാറാലക്കട്ടു വീണുതുടങ്ങി.

ഓര്‍മ്മകളുള്ളവര്‍ക്ക് ഓര്‍മ്മകള്‍ നഷ്ടമാവുന്നുണ്ട്. ആ നഷ്ടപെടലില്‍ പലതും വിട്ടുപോയേക്കാം... പിശകുകള്‍ വന്നേക്കാം... എങ്കിലും കുറിക്കാതിരിക്കാനാവില്ലല്ലോ... എന്നായിരുന്നു ആ ദുരന്തം... വര്‍ഷം...? തിയ്യതി...?

പാലത്തിന്റെ കൈവരികളിലെ ശിലാഫലകത്തില്‍ കുറിച്ചിട്ടിരിക്കുന്നു. ശിലാസ്ഥാപനം 22-10-1965 ഉട്ഘാടനം 14-04-1967. ശിലാസ്ഥാപനം നടത്തിയവരുടെയും ഉദ്ഘാടനം നടത്തിയവരുടെയും പേരുകള്‍ ഇന്നും മാഞ്ഞിട്ടില്ല.

താഴെ,
ബ്രീട്ടീഷുകാരന്റെ കുതിരക്കുളമ്പടിപതിഞ്ഞ പഴയപാലത്തിന്റെ അവശേഷിപ്പും നനച്ച് കിഴക്കുനിന്നെത്തിയ ജലകണങ്ങള്‍ പുതിയപാലത്തിന്റെ തൂണുകളിലുരുമ്മികൊണ്ട്... മടക്കമില്ലാത്ത യാത്രമൊഴിചൊല്ലി തിരക്കിട്ട് പടിഞ്ഞാട്ടേക്കൊഴുകി.

മീതെ,
മടക്കമുണ്ടെന്നറിയച്ചുകൊണ്ട് വാഹനങ്ങള്‍ തെക്കോട്ടും വടക്കോട്ടും പാലം കുലുക്കികൊണ്ട് ധൃതിയില്‍ കുതിച്ചുപാഞ്ഞു-ജീവിതത്തിലേക്ക്
ഓര്‍മ്മകള്‍ പകര്‍ന്നു തന്നത്:

ബഹുമാന്യരായ കരുവത്തില്‍ അലവിഹാജി, ടി.പി.നാടിക്കുട്ടി, അയ്യപ്പന്‍, ജാനകി, മറ്റു ബഹുമാന്യര്‍...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ആനക്കയം കശുമാവ് ഗവേഷണകേന്ദ്രം

ശാസ്ത്രീയ ഗവേഷണത്തിന്റെ ഉദാത്തമാതൃക...

ആനക്കയം കശുമാവ് ഗവേഷണകേന്ദ്രം. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ഗവേഷണകേന്ദ്രങ്ങളിലൊന്ന്. മലപ്പുറം-മഞ്ചേരി റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ഗവേഷണകേന്ദ്രം ആനക്കയത്തിന്റെ അഭിമാനമുയര്‍ത്തുന്നു.

1963-ല്‍ സംസ്ഥാനകൃഷിവകുപ്പിന്റെ കീഴില്‍ സ്ഥാപിതമായ ഈ സ്ഥാപനം 1972-ല്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റിക്ക് കൈമാറി. കേരളത്തിലെ പ്രധാനപ്പെട്ട നാണ്യവിളകളിലൊന്നായ കശുവണ്ടിയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി തുടങ്ങിയ ഈ സ്ഥാപനം മറ്റു മേഖലകളിലും കൂടി അതിന്റെ പ്രവര്‍ത്തനം വ്യാപി പ്പിച്ചിരിക്കുന്നു. ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ അത്യുല്‍പാദനശേഷിയുള്ള വ്യത്യസ്ത കശുവണ്ടിയിനങ്ങള്‍ ഇവിടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ മറ്റു വിളകളിലേക്കും ഗവേഷണം വ്യാപിപ്പിക്കുകയും തെങ്ങ്, കവുങ്ങ്, പ്ലാവ്, സപ്പോട്ട, മാവ് തുടങ്ങിയ വിവിധതരം വിളകളുടെ മുന്തിയ ഇനം തൈകള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് ആവശ്യക്കാര്‍ക്ക് മിതമായ നിരക്കില്‍ വിതരണം ചെയ്യുന്നുണ്ട്.

വേരു പിടിപ്പിച്ച കുരുമുളക് തൈ കള്‍, അലങ്കാരച്ചെടികള്‍, വിവിധയിനം പച്ചക്കറിവിത്തുകള്‍ എന്നിവയും ഇവിടെ ലഭ്യമാണ്. ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍ എന്നിവയുടെ വിത്തുകള്‍ ജില്ലയുടെ മിക്കഭാഗങ്ങളിലുമുള്ള കര്‍ഷകര്‍ ഇവിടെ നിന്നും ശേഖരിച്ച് കൃഷി ചെയ്യുന്നുണ്ട്.

വിളകളുടെ പരിപാലനത്തിനായി ഒരു ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന നഴ്‌സറിയും, അന്തരീക്ഷതാപനിലയും ആര്‍ദ്രതയും ക്രമീകരിക്കാനാവുന്ന ഗ്രീന്‍ ഹൗസും പോളിഹൗസും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 25 സെന്റ് സ്ഥലത്ത് ശാസ് ത്രീയമായ രീതിയില്‍ ഒരു മഴവെള്ള സംഭരണി സ്ഥാപിച്ചിട്ടുണ്ട്. 50 ല ക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ഈ സംഭരണിയില്‍ നിന്ന് വേനല്‍ കാലത്തേക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നു.

ഇവിടെ വികസിപ്പിച്ചെടുത്ത അത്യുല്‍പാദനശേഷിയുള്ള കശുമാവിന്‍ ഇനങ്ങളാണ്, ആനക്കയം 1, ധരശ്രീ, അനഘ, അക്ഷയ എന്നിവ. ഇവയെല്ലാം തന്നെ വേഗം കായ് ഫലം തരുന്നവയാണ് എന്ന് എടുത്ത് പറയേണ്ടതാണ്.

ആധുനികരീതിയിലുള്ള ഒരു കാലാവസ്ഥാനിരീക്ഷണകേന്ദ്രം കൂടി ഇവിടെയുണ്ട്. അനിമോമീറ്റര്‍, ബാരോമീറ്റര്‍, ഹൈഗ്രോമീറ്റര്‍ തുടങ്ങി വിവിധങ്ങളായ ഉപകരണങ്ങള്‍ ഓട്ടോമാറ്റികായി പ്രവര്‍ത്തിക്കുന്നവയാണ്. കൂടാതെ ഇവിടെയുള്ള ഫീല്‍ഡ്‌ലബോറട്ടറി കര്‍ഷകര്‍ക്ക് വളരെയധികം ഉപകാരപ്രദമാണ്. കീടനിയന്ത്രണം, വിള പരിപാലനം, മണ്ണ് പരിശോധന എന്നിവയെല്ലാം കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളാണ്.

കാര്‍ഷികസംസ്‌കാരം അന്യം നിന്ന് പൊയ്‌ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ സ്ഥാപനം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഓരോ പദ്ധതിയും നമുക്ക് പ്രത്യാശനല്‍കുന്നവയാണ്. വി.എച്ച്.എസ്.ഇ. പാസായവര്‍ക്ക് നല്‍കുന്ന ആറു മാസത്തെ സ്റ്റൈപ്പന്‍ഡറികോഴസ്, ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ് എന്നിവയിലുള്ള പരിശീലനക്ലാസുകള്‍ എന്നിവയെല്ലാം ജനങ്ങള്‍ക്ക് കൃഷിയിലുള്ള താല്‍പര്യം ജനിപ്പിക്കാനുതകുന്നതാണ്. ജില്ലയിലെ 30 മാതൃകാകൃഷിത്തോട്ടങ്ങള്‍, മങ്കടബ്ലോക്കിലെ തരിശുഭൂമിയിലെ കശുവണ്ടിത്തോട്ടം എന്നിവ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
സ്‌കൂളുകളെ സംബന്ധിച്ചിടത്തോളം ഫീല്‍ ഡ്ട്രിപ്പിന് അനുയോജ്യമായ സ്ഥാപനമാണിത് എന്നതില്‍ തര്‍ക്കമില്ല. വെര്‍മി കമ്പോസ്റ്റ് നിര്‍മ്മാണരീതി കണ്ട് മനസ്സിലാക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. കൂടാതെ കാര്‍ഷികസംസ്‌കാരം കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ ഈ സ്ഥാപനത്തിലേക്കുള്ള സന്ദര്‍ശനം ഒരു നിമിത്തമായി മാറുമെന്ന് പ്രത്യാശിക്കാം...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

സ്‌കൂള്‍ സയന്‍സ് ലാബ്

ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സയന്‍സ് ലാബ് ഓരോ സ്‌കൂളിലും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതുമനസ്സിലാക്കി കൊണ്ടുതന്നെ സ്‌കൂളില്‍ സയന്‍സ് ലാബ് ഫലപ്രദമായ രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ മൂന്ന് അലമാരകളിലായി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഉപകരണങ്ങളുടെ പേരുകളും സ്ഥാനവും ലാ ബില്‍ പ്രത്യേകം എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആസിഡുകള്‍, ആല്‍ക്കലികള്‍, ലെന്‍ സുകള്‍, ടെസ്റ്റ്ട്യൂ ബുകള്‍, ഗ്ലാസ്ഉപകരണങ്ങള്‍, മറ്റുരാസവസ് തുക്കള്‍ മുതലായവ പെട്ടെന്ന് തന്നെ  തെരഞ്ഞെടുക്കാന്‍ കുട്ടികളെ ഇത് വളരെ അ ധികം സഹായിക്കുന്നു. കുട്ടികളെ ലാബിലേക്ക് കൊണ്ടുവന്നാണ് വിവിധപരീക്ഷണങ്ങള്‍ ചെയ്യിക്കുന്നത്. പരീക്ഷണക്കുറിപ്പു കള്‍ തയ്യാറാക്കുകയും അത് വിശദമായ ചര്‍ ച്ചകള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts with Thumbnails