ഈരാമുടുക്കിലേക്ക് പുകതുപ്പി കിതച്ചുവന്ന സി.സി. ബസിലെയാത്രക്കാര്‍ പാലം പണിക്കായി മണ്ണ് മാന്തുന്ന വരോട് അബദ്ധം കാണിക്കരുതെന്ന് പലവട്ടം പറഞ്ഞുവത്രെ. ഇരുവശവും ചെത്തിയിറക്കി മിടുക്കുകാട്ടിയ ഞങ്ങളോടാണോ ഈ ഉപദേശം എന്ന മട്ടില്‍ ആരും ഒന്നും കേട്ടതായി ഭാവിച്ചില്ല. പറയേണ്ടത് പറഞ്ഞു എന്ന സമാധാനത്തില്‍ സി.സി. ബസും യാത്രക്കാരും മലപ്പുറത്തേക്ക് കിതച്ചു നീങ്ങി. നടുവില്‍ മാത്രം ബാക്കിയായ മണ്ണിളക്കാന്‍ കുന്നിന്‍ചെരുവില്‍ പാരക്കോലും മറ്റു ഉപകരണങ്ങളും ഉപയോഗിച്ചു പണിക്കാര്‍ മണ്ണെടുപ്പുതുടര്‍ന്നു. ആനക്കയം അങ്ങാടിയില്‍ ചായക്കടനടത്തുന്ന കരുവത്തില്‍ മൂസാക്ക ചായയുമായി പണിസ്ഥലത്തെത്തിയപ്പോള്‍ മാത്രം പണിക്കാര്‍ അല്‍പം വിശ്രമിച്ചു. ഇങ്ങിനെ മണ്ണെടുക്കുന്നതു അപകടമാണെന്ന് മൂസാക്ക സൂചിപ്പിച്ചെങ്കിലും ചായക്കുശേഷം പണിക്കാര്‍ പണി തുടര്‍ന്നു. ചായകുടിച്ച പണിക്കാരുടെ എണ്ണം കുറിച്ചെഴുതി മൂസാക്ക മടങ്ങാനൊരുങ്ങി. പാലനിര്‍മ്മാണത്തിന് മണ്ണ് കൊണ്ടുപോകാനുള്ള ലോറി കുന്നിനോട് ചേര്‍ന്നുവന്നുനിന്നു.
തമ്മില്‍ കളിയാക്കിയും തലതല്ലിച്ചിരിച്ചും പാലം പണിയില്‍ ഏര്‍പ്പെട്ടിരുന്ന പണിക്കാര്‍ക്കരികിലേക്ക് ദുരന്തവാര്‍ത്തുയും പേറി വന്നതാരെന്നുപോലും നോക്കാതെ എല്ലാവരും ഈരാമുടുക്കിലേക്കു കുതിച്ചു. മണ്ണിടിഞ്ഞത് മാറ്റാന്‍പറ്റുന്നതെന്തും ആളുകള്‍ കയ്യില്‍ കരുതിയിരുന്നു.
ഒരു മലമുഴുവനും കയറ്റാനൊരുങ്ങി പരാജയപ്പെട്ട് നടുവൊടിഞ്ഞതു പോലെ കിടക്കുന്നലോറി. ആര്‍ത്ത് കരയുന്ന ജനങ്ങള്‍. കയ്യില്‍കിട്ടിയതെന്തുകൊണ്ടും മണ്ണ് മാന്തുന്ന നാട്ടുകാര്‍.
മണ്ണില്‍പൂണ്ടുകിടക്കുന്നവരെ അതിവേഗം പുറത്തെടുത്ത് രക്ഷപ്പെടുത്തുന്ന നാട്ടുകാര്‍ക്കപ്പോള്‍ ഒരൊറ്റ മനസ്സായിരുന്നു.
ദുരന്ത മുഖത്ത് പകച്ചുനിന്നവര്‍ സൈറ്റ് സൂപ്പര്‍വൈസര്‍മാര്‍ മാത്രമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പല രക്ഷാപ്രവര്‍ത്തകര്‍ക്കും പരിക്കേല്‍ക്കുന്നുണ്ടായിരുന്നു. വൈകിയെത്തിയ എം.എസ്.പി. ഫോഴ്‌സിനും കര്‍മ്മസേനക്കും ചെയ്യാന്‍ കഴിയുന്നതിലേറെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ മികവുകാട്ടിയത്.
മണ്ണിന്റെ പുറത്ത് അല്‍പം മുടികണ്ട് ഒരുപറ്റം ആളുകള്‍ അവിടുത്തെ മണ്ണുമാന്താന്‍ തുടങ്ങി. മണ്ണില്‍ മുഴുവന്‍ മൂടിപോയിരുന്ന യുവതിയെ രക്ഷാപ്രവര്‍ത്തകര്‍ മണ്ണില്‍നിന്നും പുറത്തെടുത്തു. ജീവന്റെ തുടിപ്പുകണ്ട നാട്ടുകാര്‍ അവരെയും പേറി വാഹനത്തിനരികിലേക്കോടി. (മുട്ടിപ്പാലം കയ്യറമാടി നാടിക്കുട്ടിയുടെ മകള്‍ സരോജിനി എന്ന അവര്‍ 2009 വര്‍ഷത്തില്‍ ക്യാന്‍സര്‍ പിടിപെട്ടാണ് മരിച്ചത്) 7.30 ന് അകാശവാണി ഡല്‍ഹിവാര്‍ത്തയില്‍ ദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്തവന്നതായി ആരോ ഉറക്കെപറഞ്ഞെങ്കിലും പലരും അതു കേട്ടില്ലെന്നുനടിച്ചു.
കൈമെയ് മറന്ന് രക്ഷാപ്രവര്‍ ത്തനം നടത്തിയവര്‍ക്കിടയില്‍ നി ന്നും ഒരാളെകിട്ടി... ജിവനില്ല എ ന്നും... ഒരാളെക്കൂടി കിട്ടി ജീവനുണ്ട്... എന്നീ വാക്കുകള്‍ മാത്രമേ പുറത്തേക്കു വന്നിരുന്നുള്ളൂ. രക്ഷാപ്രവര്‍ത്തിലേര്‍പ്പെട്ടവരാരും തന്നെ 4.10 ല്‍ നിന്നും 10 മണിയിലെക്ക് സഞ്ചരിച്ച മണിക്കൂര്‍സൂചിയുടെ കിതപ്പറിഞ്ഞില്ല. കണ്‍മുന്നിലൂടെ ജീവിതപടവിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയവരുടെ മുഖം ആര്‍ക്കുമറിയില്ലെങ്കിലും മണ്ണില്‍ നിന്നും മണ്ണിലേക്കുമടങ്ങിയ പത്തു ജീവിതങ്ങളുടെ കണ്ണിമചിമ്മിയ മുഖം സ്വന്തം കണ്ണിമചിമ്മിയിട്ടും നാട്ടുകാരുടെ മുന്നില്‍ നിന്നും മാഞ്ഞില്ല.
രാത്രി പത്തു മണി കഴിഞ്ഞ് തിരച്ചില്‍ തല്‍ക്കാലത്തേക്കു നിര്‍ത്തിവെച്ച് നാട്ടുകാര്‍ ഒന്നാകെ ആനക്കയം അങ്ങാടിയില്‍ തടിച്ചുകൂടി. ആള്‍ക്കൂട്ടത്തിനിടയിലേക്കു കയറിവന്ന സൈറ്റ് സൂപ്പര്‍വൈസര്‍മാരെ ആനക്കയത്തെ പൗരപ്രമുഖര്‍ ചോദ്യം ചെയ്യുകയുണ്ടായെങ്കിലും അന്ന് പണിയെടുത്ത ആളുകളുടെ എണ്ണം പോലും അവര്‍ക്കറിയില്ല എന്നായിരുന്നു മറുപടി. ആയതുകൊണ്ടുതന്നെ കരുവത്തില്‍ മൂസ്സാക്കയുടെ ചായകണക്കിലാണ് ആളുകളുടെ എണ്ണം തിട്ടപ്പെടുത്തിയത്. അന്യായം ആരുടെ ഭാഗത്തു കണ്ടാ ലും ആനക്കയത്തുകാര്‍ അടിയിലൂടെ മറുപടി കൊടുത്തതിന്റെ ചരി ത്രമാരംഭിക്കുന്നതും അവിടെ നിന്നുതന്നെയാണ്. രക്തം വാര്‍ന്നൊഴുകുന്ന സൈറ്റ് സൂപ്പര്‍വൈസര്‍മാരുടെ മുഖം ആ വലിയ ദുരന്തത്തിനിടയില്‍ ഒരു പൊടി സഹതാപം പോലും അര്‍ഹിച്ചിരുന്നില്ല.
കിഴക്ക് സൂര്യനെണീക്കും മുമ്പുതന്നെ നാട്ടുകാരെണീറ്റ് ദുരന്തസ്ഥലമായ ഈരാമുടുക്കിലെത്തി തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. ആരും അരെയും കാത്തുനില്‍ക്കുന്നതായി അറിവില്ലാത്തതിനാലും ആരെയും കണ്ടെത്താത്തതിനാലും മണ്ണില്‍ നി ന്നും മണ്ണിലേക്കു മടങ്ങിയവരുടെ പേരുകള്‍ ഏവരും അരക്കിട്ടുറപ്പിച്ചു.
1. കൃഷ്ണന്‍ ആനക്കയം, 2.കുഞ്ഞാത്തു ആനക്കയം, 3.ചേരിയില്‍ കദിജ ആനക്കയം, 4.ആയിശ, ആനക്കയം 5.മറിയുമ്മ മുട്ടിപ്പാലം, 6.യശോദ പള്ളിപ്പുറം 7. പാത്തുമ്മ ചെക്ക്‌പോസ്റ്റ്. പട്ടിക നീളുന്നു...
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 3,000 രൂപ നഷ്ടപരിഹാരമാണ് ലഭിച്ചത്. ആയൊരു ചടങ്ങോടെതന്നെ ആനക്കയം കണ്ട ഒരുവലിയ ദുരന്തത്തിനുമേല്‍ മറവിയുടെ മാറാലക്കട്ടു വീണുതുടങ്ങി.
ഓര്‍മ്മകളുള്ളവര്‍ക്ക് ഓര്‍മ്മകള്‍ നഷ്ടമാവുന്നുണ്ട്. ആ നഷ്ടപെടലില്‍ പലതും വിട്ടുപോയേക്കാം... പിശകുകള്‍ വന്നേക്കാം... എങ്കിലും കുറിക്കാതിരിക്കാനാവില്ലല്ലോ... എന്നായിരുന്നു ആ ദുരന്തം... വര്‍ഷം...? തിയ്യതി...?
പാലത്തിന്റെ കൈവരികളിലെ ശിലാഫലകത്തില്‍ കുറിച്ചിട്ടിരിക്കുന്നു. ശിലാസ്ഥാപനം 22-10-1965 ഉട്ഘാടനം 14-04-1967. ശിലാസ്ഥാപനം നടത്തിയവരുടെയും ഉദ്ഘാടനം നടത്തിയവരുടെയും പേരുകള്‍ ഇന്നും മാഞ്ഞിട്ടില്ല.
താഴെ,
ബ്രീട്ടീഷുകാരന്റെ കുതിരക്കുളമ്പടിപതിഞ്ഞ പഴയപാലത്തിന്റെ അവശേഷിപ്പും നനച്ച് കിഴക്കുനിന്നെത്തിയ ജലകണങ്ങള്‍ പുതിയപാലത്തിന്റെ തൂണുകളിലുരുമ്മികൊണ്ട്... മടക്കമില്ലാത്ത യാത്രമൊഴിചൊല്ലി തിരക്കിട്ട് പടിഞ്ഞാട്ടേക്കൊഴുകി.
മീതെ,
മടക്കമുണ്ടെന്നറിയച്ചുകൊണ്ട് വാഹനങ്ങള്‍ തെക്കോട്ടും വടക്കോട്ടും പാലം കുലുക്കികൊണ്ട് ധൃതിയില്‍ കുതിച്ചുപാഞ്ഞു-ജീവിതത്തിലേക്ക്
ഓര്‍മ്മകള്‍ പകര്‍ന്നു തന്നത്:
ബഹുമാന്യരായ കരുവത്തില്‍ അലവിഹാജി, ടി.പി.നാടിക്കുട്ടി, അയ്യപ്പന്‍, ജാനകി, മറ്റു ബഹുമാന്യര്‍...
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ