RSS

ധന്യമീ ഓര്‍മകള്‍

കെ.എം. ആയിഷ ടീച്ചര്‍
ഞങ്ങളുടെ സ്‌കൂള്‍ മാഗസിനിലേക്ക് ഉമ്മുമ്മായുടെ ഒരു ഓര്‍മ്മക്കുറിപ്പ് വേണമെന്ന 5 പേരക്കുട്ടികളുടെയും സ്‌കൂള്‍ മാഗസിന്‍ സമിതിയുടെയും സ്‌നേഹസ്മൃണമായ ആവശ്യത്തിന് വഴങ്ങിയപ്പോള്‍ എങ്ങനെ എഴുതിത്തുടങ്ങണം എന്നായിരുന്നു സംശയം. ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന അധ്യാപനജീവിതത്തില്‍ നിന്നു തന്നെ തുടങ്ങാം എന്നു തോന്നുന്നു.

പുതിയങ്ങാടി മുസ്ലീം ഗേള്‍സ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 1949-ല്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി, റിസല്‍റ്റ് വരുന്നതിന് മുമ്പ് തന്നെ ആനക്കയം എ.എം.എല്‍.പി. സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. പെരിമ്പലത്തുകാരിയായ ഞാന്‍ ആനക്കയത്തിന്റെ മരുമകളായാണ് ഇവിടെയെത്തിയത്. അന്ന് സ്‌കൂള്‍ തോണികടവത്തെ പുരയിടത്തിലെ മദ്രസകെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പെരിമ്പലം പൊറ്റമ്മലില്‍ ഉണ്ടായിരുന്ന ഗേള്‍സ് എല്‍.പി. സ്‌കൂള്‍ കുട്ടികളില്ലാതെ പൂട്ടേണ്ട അവസ്ഥ വന്ന പ്പോള്‍ അത് ആനക്കയത്തേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. ഏകദേശം പത്ത് വര്‍ഷത്തോളം ഈ മദ്രസാകെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.

ഓര്‍മ്മകള്‍ മങ്ങിത്തുടങ്ങിയെങ്കിലും ചിലത് മാത്രം ഇന്നും ഒരു മങ്ങലുമേല്‍ക്കാതെ എന്റെ മനസ്സിലുണ്ട്. കല്യാണപ്പിറ്റേന്ന് പുതിയാപ്പി ളയുടെ കൂടെ സ്‌കൂളില്‍ ജോയിന്‍ ചെയ്യാന്‍ പോയത് ഇന്നും തെല്ലൊരു നാണത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.

വഴിക്കെല്ലാം പുതിയണ്ണിനെ കാണാന്‍ നില്‍ക്കുന്നവര്‍!  സാരി ഉടുക്കുന്ന മുസ്ലീം സ്ത്രീകള്‍ അന്ന് അപൂര്‍വ്വമായിരുന്നു. അതിന്റെയൊരു കൗതുകവും പിന്നെ ഒരു പെണ്ണ് സ്‌കൂളില്‍ പഠിപ്പിക്കാന്‍ വരുന്ന അ ത്ഭുതവും എല്ലാം കൂടി പൊതുവേ നാണം കുണുങ്ങിയായ എന്നെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്.

അന്ന് മിക്ക എല്‍.പി. സ്‌കൂളുകളിലും അഞ്ചാം തരം വരെ ഉണ്ടായിരുന്നു. അധ്യാപകര്‍ വളരെ കുറവായിരുന്നു. ഞാന്‍ സ്‌കൂളില്‍ ചേരുമ്പോള്‍ രണ്ട് അധ്യാപകരാണ് അവിടെ ഉണ്ടായിരുന്നത്. ഒന്ന് പെരിമ്പലത്തെ കുഞ്ഞാപ്പുമാഷ്, എന്റെ എളാപ്പയുടെ മകന്‍. മറ്റേത് എന്റെ ഭര്‍ത്താവ് കമ്മദ് മാസ്റ്റര്‍.  രണ്ടു പേരും എട്ടാം ക്ലാസും ട്രെയിനിംഗും ഉള്ള അധ്യാപകര്‍. നീയൊരു വല്യ എസ്.എസ്.എല്‍.സികാരിയെന്ന് പറഞ്ഞ് അവരെന്നെ കളിയാക്കിച്ചിരിക്കുന്നത് ഇന്നും കാതില്‍ മുഴുങ്ങുന്നു.

അന്നത്തെ മൂന്ന് വികൃതിക്കുട്ട ന്മാരെ ഇന്നും ഞാനോര്‍ക്കുന്നു. എനിക്ക് മൂന്നാം ക്ലാസിലായിരുന്നു ചാര്‍ജ്. ചക്കാലക്കുന്നന്‍ അവറുമുസ്ല്യാരുടെ മകന്‍ മുഹമ്മദ്, ചക്കാലക്കുന്നന്‍ ഹൈദ്രു എന്ന ബാപ്പു, ചക്കാലക്കുന്നന്‍ ഹംസ (അവന്‍ ഇന്ന് നമ്മോടപ്പമില്ല) ആദ്യമായിട്ട് ഒരു അധ്യാപിക പഠിപ്പിക്കാന്‍ വരുന്നതിന്റെ ഒരു കൗതുകവും അതില്‍ നിന്നുണ്ടായ കുസൃതികളും എന്നെ കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചിട്ടുള്ളത്.

തോണിക്കടവത്ത് സ്‌കൂളില്‍ ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴുണ്ടായ ഒരു വെള്ളപ്പൊക്കം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. ആ വെള്ളപ്പൊക്കത്തില്‍ ആലുംകണ്ണിലെ പടിപ്പുരവരെ വെള്ളം കയറി. സ്‌കൂ ളിലെ ഫര്‍ണിച്ചറുകളെല്ലാം കൂട്ടിക്കെട്ടിമരത്തില്‍ ബന്ധിച്ചിരിക്കുകയായിരുന്നു. വെള്ളമിറങ്ങിയിട്ടും ഇഴജന്തുക്കളുടെ ഭീഷണി കാരണം സ്‌കൂള്‍ കൂറേ ദിവസം പ്രവര്‍ത്തിച്ചില്ല.

ഒരു അധ്യാപിക വന്നതോടെ പെണ്‍കുട്ടികള്‍ മുമ്പത്തേതിലും കൂടുതലായി സ്‌കൂളില്‍ ചേരാന്‍ തുടങ്ങിയെന്ന് മാഷ് പറയുമായിരുന്നു. തോണിക്കടവത്തെ ഇമ്മു-മങ്കരത്തൊടി ആലിക്കുട്ടിഹാജിയുടെ മകള്‍-അനിയനായ ഇസ്ഹാഖിന്റെ കൂടെയാണ് സ്‌കൂളില്‍ ചേര്‍ന്നത്. 'നിന്നെ കണ്ടിട്ടാണ് എന്റെ മകളെ ഇവിടെ ചേര്‍ക്കുന്നതെന്ന' അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും എനിക്ക് അഭിമാനത്തിന് വക നല്‍കുന്നു. ഇന്നത്തെ പോലെ അഞ്ച് വയസ്സായ എല്ലാ കുട്ടികളും സ്‌കൂളില്‍ പോകു ന്ന പതിവൊന്നും അന്നുണ്ടാ യിരുന്നില്ല. എല്ലാ മാസവും സ്‌കൂള്‍ വിസി റ്റിന് എ.ഇ.ഒ. വരുമായിരുന്നു. പ്രദേശത്ത് അഞ്ചാം ക്ലാസ് ആനക്കയത്ത് മാത്രമേ ഉണ്ടായിരുന്നുള്ളു. പെരിമ്പലം, പുള്ളിലങ്ങാടി, ചെക്ക്‌പോസ്റ്റ്, മുട്ടിപ്പാലം എന്നീ വിടങ്ങളില്‍ നിന്നെല്ലാം കുട്ടികള്‍ ഇങ്ങോട്ടായിരുന്നു വന്നിരുന്നത്. ടീച്ചറെക്കാളും വലിയ കുട്ടികളാണല്ലോ അഞ്ചാം ക്ലാസില്‍ എന്ന് പല എ.ഇ.ഒമാരും പറയാറുണ്ടായിരുന്നു.

നീണ്ട 38 വര്‍ഷത്തെ അധ്യാപനജീവിതം ഒരു പാട് അനുഭവങ്ങള്‍ സമ്മാനിച്ചു. 1949 ല്‍ ജോലിയില്‍ പ്രവേശിച്ചത് പരിശീലനം ലഭിക്കാതെ ആയിരുന്നല്ലോ, തുടര്‍ന്ന് 1952-ല്‍ ടി.ടി.സിക്ക് ചേരുകയും 1954-ല്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

അതോടെ അണ്‍ട്രെയ്ന്‍ഡ് ടീച്ചറുടെ ശമ്പളമായ നാല്‍പ്പത് രൂപയില്‍ നിന്നും എന്റെ ശമ്പളം അറുപത് രൂപയായി വര്‍ധിച്ചു. എച്ച്.എം. ആയി പ്രമോഷന്‍ കിട്ടിയെങ്കിലും അത് സ്വീകരിച്ചില്ല. ഓഫീസ് കാര്യങ്ങള്‍ക്കൊക്കെ കോട്ടക്കല്‍ വരെ പോകണമായിരുന്നു. ഇന്നത്തെ പോലെ വാഹനസൗകര്യമൊന്നുമില്ലാത്ത അക്കാലത്ത് അത് വലിയ ബുദ്ധിമുട്ട് തന്നെയായിരുന്നു.

വര്‍ഷങ്ങളോളം ഒന്നാം ക്ലാസി ലെ ടീച്ചറായിരുന്നു ഞാന്‍. മൂന്ന് തലമുറയിലെ കുട്ടികളെ പഠിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ധാരാളം ശിഷ്യഗണങ്ങള്‍. പലരും ഇപ്പോഴും ടീച്ചറെ കാണാനെന്ന്  പറഞ്ഞുവരുമ്പോള്‍, അവരുടെ സ്‌നേ ഹാദരവ് കാണുമ്പോള്‍ ഒക്കെ, ഞാ ന്‍ ഇന്നേ വരെ വാങ്ങിയ ശമ്പളത്തേക്കാളൊക്കെ എത്ര വലുതാണ് അതെന്ന് എനിക്ക് തോന്നുന്നു. ഇന്നത്തെ പോലെ രക്ഷിതാക്കള്‍ സ്‌കൂളില്‍ വരുന്ന പതിവൊന്നും അന്നില്ല. സ്‌കൂളില്‍ ചേര്‍ക്കാന്‍ കുട്ടികളെയും കൊണ്ടു വന്നാല്‍ അതായി. പിന്നെ എല്ലാ ഉത്തരവാദിത്വവും അധ്യാപകര്‍ക്ക് തന്നെ. എത്രയോ വിദ്യാര്‍ത്ഥികളെ, എന്റെ ഭര്‍ത്താവ് ഉപരിപഠനത്തിനായി ജെ.ഡി.ടി. യിലും മറ്റും കൊണ്ടുപോയി ചേര്‍ത്തിട്ടുണ്ട്. ചിലരെങ്കിലും ഇന്നും അതൊക്കെ ഓര്‍ക്കുന്നുണ്ടെന്ന് ഒരു മഹാഭാഗ്യമായി കരുതുന്നു.

അധ്യാപനജീവിതത്തിലെ ഓര്‍മ്മകള്‍ക്ക് ഒരു മങ്ങലും സംഭവിച്ചിട്ടില്ലെന്നത് എഴുതിത്തുടങ്ങുമ്പോഴാണറിയുന്നത്. എന്റെ മുന്നിലൂടെ കടന്നുപോയ ഓരോ കുരുന്നുമുഖവും ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. എല്ലാവരും ഇന്ന് മുതിര്‍ന്നവരാണ്. എങ്കിലും എന്റെ മനസ്സില്‍ അവരുടെ കുരുന്നുമുഖവും കാതില്‍ 'ടീച്ചറെ' എന്നുള്ള വിളിയും ഇപ്പോഴും ചെറുപ്പമായി തന്നെ നിലനില്‍ക്കുന്നു. അഞ്ചു വര്‍ഷം ഞങ്ങളുടെ അരുമശിഷ്യരായിരുന്ന, പിന്നീട് ജവിതവൃത്തിക്ക് വേണ്ടി ജോലിക്ക് പോയ, ജീവനോടെ മണ്ണിലകപ്പെട്ട ഏതാനും മുഖങ്ങളും ഈയവസരത്തില്‍ ഞാനോര്‍മ്മിക്കുന്നു. അങ്ങനെയങ്ങനെ... നിങ്ങളുടെ സുവനീറിന്റെ മുഴുവന്‍ പേജ് തന്നാ ലും എന്റെ ഓര്‍മ്മകള്‍ പകര്‍ത്താന്‍ തികയില്ല. കാരണം ഈ ആനക്കയത്തുള്ള മിക്കപേരും എന്റെ കുട്ടികളാണ്. അവരുടെയൊക്കെ കുട്ടിക്കാലം എന്റെ മുന്നില്‍കൂടിയായിരുന്നു കടന്നുപോയത്. എല്ലാം ഓര്‍മ്മിക്കുമ്പോള്‍ ജിവിതം ധന്യമായ പോലെ.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails