RSS

നമ്മുടെ വിദ്യാലയം

 ടി. മൊയ്തു മാസ്റ്റര്‍
ഓര്‍മ്മകളിലൂടെ ഒരു യാത്ര...
1974, കേരളത്തിലെ സ്‌കൂള്‍വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോ ളം സുപ്രധാനമായ ഒരു വര്‍ഷമായിരുന്നു. സര്‍ക്കാര്‍ മേഖലയില്‍ കുറേ അപ്പര്‍പ്രൈമറി സ്‌കൂളുകളും ഹൈ സ്‌കൂളുകളും സ്ഥാപിതമായ വര്‍ഷമായിരുന്നു അത്. നമ്മുടെ വിദ്യാലയം ജന്മമെടുത്തത് അന്നാണ്. ന മ്മുടെ അടുത്ത പ്രദേശങ്ങളായ ഇരുമ്പുഴി, മങ്കടപള്ളിപ്പുറം എന്നിവിടങ്ങളില്‍ ഹൈസ്‌കൂളുകള്‍ ഉണ്ടായതും ആ വര്‍ഷം തന്നെ.

1974 വരെ ആനക്കയത്തും സമീപപ്രദേശങ്ങളിലുമുള്ള കുട്ടികള്‍ക്ക് അപ്പര്‍പ്രൈമറിവിദ്യാഭ്യാസം നേടുന്നതിന് ദൂരെ പോകേണ്ട ദുരവസ്ഥയായിരുന്നു. ദരിദ്രകുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇത് പ്രയാസകരമാണെന്ന് പറയേണ്ടതില്ലല്ലോ. സമീപസ്ഥലത്ത് വിദ്യാലയമില്ലാതിരുന്നാല്‍ പലകുട്ടികളുടെയും പഠനം (വിശേഷിച്ച് പെണ്‍കുട്ടികളുടെ) നിന്നുപോകുന്ന അവസ്ഥയാണുണ്ടാവുക. ആനക്കയത്തിന് ചുറ്റുമുള്ള ഉള്‍പ്രദേശങ്ങളിലെ നിര്‍ധനകുടുംബങ്ങളിലെ കുട്ടികള്‍ക്ക് ലോവര്‍പ്രൈമറിക്ക് മേലെയുള്ള വിദ്യാഭ്യാസം ഒരു കിട്ടാകനി എന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.

സമൂഹത്തിന്റെ നാനാവിധത്തിലുള്ള പുരോഗതിക്കും സുസ്ഥിരതക്കും അടിത്തറയായി നിലകൊള്ളുന്നത് വിദ്യാഭ്യാസമാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല. വളരെ വിപുലമായൊരു മേഖലയാണ് വിദ്യാഭ്യാസം. ഉന്നതവിദ്യാഭ്യാസങ്ങള്‍ക്കെല്ലാം അടിത്തറയായി വര്‍ത്തിക്കുന്നത് ഏഴാം സ്റ്റാന്റേര്‍ഡ് വരെയുള്ള പ്രൈ മറിവിദ്യാഭ്യാസമത്രേ. ആ നിലക്ക് പ്രൈമറിവിദ്യാഭ്യാസത്തിന് തുല്യതയില്ലാത്ത സ്ഥാനവും പ്രധാന്യവുമാണുള്ളത് എന്ന് കാണാം.

1974-ല്‍ അന്നത്തെ കേരളസര്‍ ക്കാര്‍ അര്‍ഹതയുള്ള സ്ഥലങ്ങളില്‍ യു.പി.സ്‌കൂളുകളും ഹൈസ്‌കൂളുകളും അനുവദിക്കുന്നു എന്നറിഞ്ഞപ്പോള്‍ ആനക്കയത്തെ വിദ്യാഭ്യാസതല്‍പരരായ വ്യക്തികള്‍ ഇവിടെ ഒരു യു.പി.സ്‌കൂളിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

സ്‌കൂളിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് ആദ്യം തന്നെ സ്‌കൂള്‍ സ് പോണ്‍സറിങ്ങ് കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ടായിരുന്നു.  അതിപ്രധാനമായ രണ്ടു നിബന്ധനകള്‍ ഈ കമ്മി റ്റി പൂര്‍ത്തീകരിക്കേണ്ടിയിരുന്നു. ഒന്നാമതായി രണ്ടേക്കര്‍ ഭൂമി സര്‍ക്കാറിന് സൗജന്യമായി നല്‍കണം. രണ്ടാമതായി കെ.ഇ.ആര്‍. അനുശാസിക്കുന്ന അളവില്‍ മൂന്ന് മുറികളുള്ള ഒരു കെട്ടിടം മേല്‍പ്പറഞ്ഞ കമ്മിറ്റി വേഗത്തില്‍ ഉണ്ടാക്കണം. (കെട്ടിടം ആവുന്നത് വരെ തല്‍ ക്കാലം ക്ലാസ് നടത്തുന്നതിന് മദ്രസാകെട്ടിടമോ മറ്റോ ഉപയോഗിക്കാം)

പ്രയാസകരവും ഭാരമേറിയതുമായ ആദ്യത്തെ കടമ്പ ഭംഗിയായികടന്നു. അതായത് നിരപ്പായ രണ്ടേക്കര്‍ സ്ഥലം കേരളസര്‍ക്കാറിന് സൗജന്യമായികൊടുത്ത് ആധാരം രജിസ്റ്റര്‍ ചെയ്തു. ആദ്യത്തെ ക്ലാസ് (അഞ്ചാം സ്റ്റാന്റേര്‍ഡ്) അടുത്തുള്ള മദ്രസയില്‍ നടത്തുവാന്‍ മദ്രസാകമ്മിറ്റി അനുവദിക്കുകയും ചെയ്തു. ക്ലാസ് ആരംഭിക്കുന്നതിന് ആദ്യമായി ചെയ്യേണ്ടിയിരുന്നത് അഞ്ചാം തരത്തില്‍ കുട്ടികളെ അഡ്മിറ്റ് ചെയ്യുക എന്നതായിരുന്നു. അതിന്നായി പുള്ളിയിലങ്ങാടി നിവാസിയും അവിടെയുള്ള ആനക്കയം ജി.എം.എല്‍.പി. സ്‌കൂള്‍ അധ്യാപകനുമായിരുന്ന ശ്രീ. കെ. കുഞ്ഞിവീരാന്‍മാസ്റ്ററെ ഇങ്ങോട്ട് ഡെപ്യൂട്ട് ചെയ്യുകയും ചെയ്തു. അദ്ദേഹമാണ്, അന്ന് അഞ്ചാം തരം നിലനിര്‍ത്തിയിരുന്ന ആനക്കയം എ.എം.എല്‍.പി. സ്‌കൂളി ല്‍ നിന്ന് അഞ്ചാം തരത്തിലെ കുട്ടികളെ ടി.സി. വാങ്ങി ഇവിടെ ചേര്‍ത്തത്.

പെട്ടെന്ന് കാര്യങ്ങള്‍ നടക്കാന്‍ എ.ഇ.ഒ. വിന്റെ നിര്‍ദ്ദേശമനുസരിച്ച് കുഞ്ഞിവീരാന്‍മാസ്റ്റര്‍ താല്‍കാലികമായി ചുമതലയേറ്റതായിരുന്നു. ആരോഗ്യപരമായി അദ്ദേഹത്തിന് പ്രയാസമുണ്ടായിരുന്നതിനാല്‍, അന്ന് ഇരുമ്പുഴി യു.പി. സ്‌കുളിലായിരുന്ന വിനീതനായ എന്നോട് ആനക്കയം ജി.യു.പി. സ്‌കൂളിലേക്ക് സ്ഥലമാറ്റം ചോദിക്കാനാവശ്യപ്പെട്ടു. അതി നനുസരിച്ച് ഞാന്‍ ഇങ്ങോട്ട് ട്രാന്‍സ് ഫര്‍ ആവശ്യപ്പെട്ടത് പ്രകാരം എന്നെ ഇങ്ങോട്ട് മാറ്റുകയും ചെയ്തു. 1974 നവംബര്‍ 1-ന് ഞാന്‍ ഇവിടെ ടീച്ചര്‍ ഇന്‍ചാര്‍ജ്ജ് (പ്രധാനാധ്യാപകന്റെ ചുമതല നിര്‍വ്വഹിക്കുന്ന അധ്യാപകന്‍) ആയി ജോയിന്‍ ചെയ്യുകയും ചെയ്തു. (അന്ന് മുതല്‍ 1993-ല്‍ സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്നത് വരെ ഞാന്‍ ഇവിടെ തന്നെയായിരുന്നു)

1974-75 വര്‍ഷത്തില്‍ ഒരു ക്ലാസും ഒരധ്യാപകനും മാത്രമാണുണ്ടായിരുന്നത്. ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ (എ.ഇ.ഒ) നടത്തുന്ന കോണ്‍ഫറന്‍സ്, മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ എന്നിവക്കായി പോകേണ്ടിയിരുന്നതിനാല്‍ ചില ദിവസങ്ങളില്‍ ഏക അധ്യാപകനായ എനിക്ക് സ്‌കുളില്‍ ഹാജരാകാന്‍ പറ്റാത്ത അവസ്ഥ വരുമായിരുന്നു. ആ ദിവസങ്ങളില്‍ ഇരുമ്പുഴി ജി.എം.യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്ററോട് തലേന്ന്  ബന്ധപ്പെട്ട് അവിടെനിന്ന് ഒരധ്യാപകനെ ഇങ്ങോട്ടയപ്പിക്കുകയാണ് ചെയ്തിരുന്നത്. അറബി പഠിപ്പിക്കുന്നതിന് ആനക്കയം   ജി.എം.എല്‍.പി.എസ്. ല്‍ നിന്ന് എന്റെ നാട്ടുകാരനും സുഹൃത്തുമായ കെ.എം. സൈഫുദ്ദീന്‍മാസ്റ്ററെ ആഴ്ചയില്‍ രണ്ടു ദിവസം ഇവിടെ ജോലിചെയ്യാന്‍ എ.ഇ.ഒ ഏര്‍പ്പാട് ചെയ്തിരുന്നു.

അടുത്തവര്‍ഷം (1975-76) രണ്ടു ക്ലാസുകളായി. അഞ്ചും ആറും സ്റ്റാന്റേഡുകള്‍. ഒരു ടീച്ചറെകൂടി നിയമിച്ചു. പിറ്റത്തെ വര്‍ഷം (1976-77) ഏഴാം സ്റ്റാന്റേഡുമായി. യു.പി.സ്‌കൂള്‍ പൂര്‍ത്തിയാക്കി. അക്കൊല്ലമാണ് സ്‌കൂളിന് ഹെഡ്മാസ്റ്റര്‍ എന്ന പ്രത്യേകതസ്തികയുണ്ടായത്. ആദ്യത്തെ ഹെഡ്മാസ്റ്ററായി മങ്കടപള്ളിപ്പുറം നിവാസി എന്‍. അലവിമാസ്റ്റര്‍, മേലാക്കം ജി.യു.പി. സ്‌കൂളില്‍ നിന്ന് ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ വാങ്ങി ഇവിടെ ചാര്‍ജ്ജെടുത്തു. റിട്ടയര്‍ ചെയ്യുന്നത് വ രെ അദ്ദേഹം ഇവിടെ സേവനം ചെയ്തു.

ഇതിനിടയില്‍ സ്‌കൂള്‍ സ്‌പോ ണ്‍സറിംഗ് കമ്മിറ്റി ബാധ്യത ഏറ്റെ ടുത്ത് മൂന്ന് മുറികളുള്ള കെട്ടിടം നിര്‍മ്മിച്ചിരുന്നു. അതിലേക്ക് അത്യാവശ്യം വേണ്ട ബെഞ്ച്, ഡസ്‌ക്, മേശ എന്നീ ഫര്‍ണിച്ചറും. ഈ കെട്ടിടത്തില്‍ ഓഫീസും രണ്ട് ക്ലാസുകളും നടത്തി. ബാക്കി ക്ലാസുകള്‍ മദ്രസയില്‍ തന്നെ.

പിന്നീട് സ്‌കൂള്‍ പി.ടി.എ. കമ്മറ്റിയുടെയും മറ്റ് വിദ്യാതല്‍പരരുടെയും കഠിനപരിശ്രമത്തിന്റെ ഫലമായി നമ്മുടെ ഇരുനിലകെട്ടിടം നിര്‍മ്മിക്കപ്പെട്ടു. അതിലേക്ക് വേണ്ട ഫര്‍ണിച്ചറും സര്‍ക്കാറില്‍ നിന്ന് തന്നെ കിട്ടി. അപ്പോഴാണ് കുട്ടികള്‍ക്ക് സൗകര്യമായിരുന്ന് പഠിക്കാനും അധ്യാപകര്‍ക്ക് ഫലപ്രദമായി പഠിപ്പിക്കാനും സാധിക്കുന്ന ശരിയായ ഒരവസ്ഥയുണ്ടായത്.

ആനക്കയം, പുള്ളിയിലങ്ങാടി, പുല്ലഞ്ചേരി, ചേപ്പൂര്‍, ചെക്ക്‌പോസ്റ്റ്, മുട്ടിപ്പാലം, പാണായി, പെരിമ്പലത്തിന്റെ ഒരു ഭാഗം എന്നിവിടങ്ങളില്‍ നിന്ന് എല്‍.പി. വിദ്യാഭ്യാസം കഴി ഞ്ഞ കുട്ടികളെ ഇവിടെ ചേര്‍ത്തത് കൊണ്ട് ക്ലാസ് ഡിവിഷനുകളുടെ എണ്ണവും തന്മൂലം അധ്യാപകരുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചു.

ഇതിനിടയില്‍ അസാധാരണം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രധാനസംഭവവുമുണ്ടായി. യു.പി.വിഭാഗം മാത്രമുണ്ടായിരുന്ന ഈ സ്‌കൂളില്‍ എല്‍.പി. വിഭാഗം കൂടിയുണ്ടായിത്തീര്‍ന്ന സംഭവമാണത്. ആനക്കയത്ത് തന്നെയുണ്ടായിരുന്ന മാനേജ്‌മെന്റ് സ്‌കൂളായ എ.എം.എല്‍.പി. സ്‌കൂള്‍ ഇനി നടത്തിക്കൊണ്ടുപോകാന്‍ തനിക്ക് കഴിയില്ല എന്ന് പ്രസ്തുത സ്‌കൂള്‍ മാനേജര്‍ സര്‍ക്കാറിലേക്ക് എഴുതി അറിയിച്ചു. എയ്ഡഡ് സ്‌കൂളിനെ സംബന്ധിച്ചിടത്തോളം സുരക്ഷിതത്വമുള്ള കെട്ടിടവും ഫര്‍ണിച്ചറും ഉണ്ടാക്കുക എന്നത് മാനേജറുടെ ബാധ്യതയാണ്. എ.എം.എല്‍.പി. സ്‌കൂളിന്റെ അവസ്ഥ തീര്‍ത്തും ശോചനീയമായിരുന്നു. സര്‍ക്കാര്‍ നിബന്ധനകള്‍ക്കനുസൃതമായി സ്‌കൂള്‍ ബില്‍ ഡിംഗ് പുതുക്കി പണിയുവാന്‍ സാ മ്പത്തികശേഷികുറഞ്ഞ മാനേജര്‍ക്ക് സാധിക്കാതെവന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം തനിക്ക് സ്‌കൂള്‍ തന്നെ വേണ്ട എന്ന നിലപാടെടുത്തത്. തന്മൂലം  ആനക്കയത്തെ എല്‍.പി.ക്ലാസുകളിലെ കൊച്ചുകുട്ടികളുടെ വിദ്യാഭ്യാസം വഴിമുട്ടി. എന്നാ ല്‍ ഈ പ്രതിസന്ധിക്ക് നാട്ടുകാര്‍ പരിഹാരമാര്‍ഗ്ഗം കണ്ടു. എല്‍.പി. വിഭാഗം ഇല്ലാതിരുന്ന ഈ യു.പി. സ്‌കൂളില്‍ എല്‍.പി. വിഭാഗം കൂടി തുടങ്ങാന്‍ സര്‍ക്കാര്‍ സമ്മതിച്ചാല്‍ പ്രശ്‌നം തീരുമെന്ന് നാട്ടിലെ വിദ്യാതല്‍പരര്‍ മനസ്സിലാക്കി.

തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ആനക്കയം ജി.യു.പി. സ്‌കൂളില്‍ എല്‍.പി.വിഭാഗം തുടങ്ങാന്‍ സര്‍ക്കാര്‍ ഓര്‍ഡറായി. എ.എം.എല്‍.പി. സ്‌കൂളിലെ കുട്ടികളെ നമ്മുടെ സ്‌കൂളില്‍ ചേര്‍ത്തു. അവിടുത്തെ അധ്യാപകരെ ഗവണ്‍ മെന്റ് സ്‌കൂള്‍ അധ്യാപകരില്‍ ഉള്‍ പ്പെടുത്തി ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. സുപ്രധാനമായ ഈ സംഭവം നടന്നത് 1987-88 വിദ്യാഭ്യാസ വര്‍ഷത്തിലാണ്. ഇതോ ടെ ഈ സ്‌കൂള്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളുള്ള ഒരു പൂര്‍ണ്ണ യു.പി. സ്‌കൂളായി.

ഈ വിദ്യാലയത്തില്‍ ഇതിനകം സേവനം ചെയ്ത പ്രധാനാധ്യാപകരെ ഈയവസരത്തില്‍ അനുസ്മരിക്കുന്നത് ഉചിതമായിരിക്കും. പ്രഥമ പ്രധാനധ്യാപകന്‍ പരേതനായ ശ്രീ. എന്‍.അലവിമാസ്റ്ററായിരുന്നു എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. അതിന് ശേഷം യഥാക്രമം ശ്രീ.സി. ഭാസ്‌ക്കരന്‍ മാസ്റ്റര്‍, ശ്രീ. കെ.വി. ഗംഗാധരന്‍മാസ്റ്റര്‍, ശ്രീ. കെ.വി. സക്കറിയമാസ്റ്റര്‍ എന്നിവര്‍ സ്‌കൂ ളിനെ നയിച്ചു. ഇവരെല്ലാം ഈ ലേഖകന് അടുത്ത് പരിചയമുള്ളവരാണ്. എല്ലാവരും സ്‌കൂളിന്റെ പുരോഗതിക്കുവേണ്ടി ആവുന്നത്ര പ്രയത്‌നിച്ചിട്ടുണ്ട് എന്നു എനിക്ക് സംശയമെന്യേ പറയാന്‍ കഴിയും. ഇവര്‍ക്ക് ശേഷം യഥാക്രമം ശ്രീ. എ. സെയ്തലവിമാസ്റ്റര്‍, ശ്രീ. കെ.ടി. അബൂബക്കര്‍മാസ്റ്റര്‍, ശ്രീ. പി.ആര്‍. സുകുമാരന്‍നായര്‍, ശ്രീ. കെ.ജെ. ബാബുറാംമാസ്റ്റര്‍ എന്നിവര്‍ ഈ സ്‌കൂളിന്റെ അമരത്തിരുന്നിട്ടുണ്ട്. ഇപ്പോള്‍ നാട്ടുകാരനായ ശ്രീ. കെ.എം. അബ്ദുല്‍റഷീദ്മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി സേവനം ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാവരും തൃപ്തികരമായി സേവനമനുഷ്ഠിച്ചിട്ടുണ്ട് എന്നു തന്നെയാണ് ഈ ലേഖകന്‍ മനസ്സിലാക്കുന്നത്. നാട്ടുകാരനാവുമ്പോള്‍ വിദ്യാലയത്തോട് പ്രതിബദ്ധത കൂടുന്നത് സ്വാഭാവികമാണ്. ആ നിലക്ക് അബ്ദുല്‍റഷീദ്മാസ്റ്റര്‍ക്ക് ശോഭനമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അതിന് ദൈവം അനുഗ്രഹിക്കുമാറാകട്ടെ. ആനക്കയത്തിന്റെ അഭിമാനസ്തംഭമായ ഈ വിദ്യാലയത്തിന് എല്ലാ നന്മകളും ആശംസിക്കുന്നു. അതിന്നായി ജഗന്നിയന്താവായ ദൈവം തുണക്കുമാറാകട്ടെ...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails