പഠനപ്രവര്‍ത്തനങ്ങള്‍
ധന്യമീ ഓര്‍മകള്‍
പുതിയങ്ങാടി മുസ്ലീം ഗേള്‍സ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1949-ല്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി, റിസല്‍റ്റ് വരുന്നതിന് മുമ്പ് തന്നെ ആനക്കയം എ.എം.എല്‍.പി. സ്കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. പെരിമ്പലത്തുകാരിയായ ഞാന്‍ ആനക്കയത്തിന്റെ മരുമകളായാണ് ഇവിടെയെത്തിയത്. അന്ന് സ്കൂള്‍ തോണികടവത്തെ പുരയിടത്തിലെ മദ്രസകെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പെരിമ്പലം പൊറ്റമ്മലില്‍ ഉണ്ടായിരുന്ന ഗേള്‍സ് എല്‍.പി. സ്കൂള്‍ കുട്ടികളില്ലാതെ പൂട്ടേണ്ട അവസ്ഥ വന്ന പ്പോള്‍ അത് ആനക്കയത്തേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. ഏകദേശം പത്ത് വര്‍ഷത്തോളം ഈ മദ്രസാകെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഓര്‍മ്മകള്‍ മങ്ങിത്തുടങ്ങിയെങ്കിലും ചിലത് മാത്രം ഇന്നും ഒരു മങ്ങലുമേല്‍ക്കാതെ എന്റെ മനസ്സിലുണ്ട്. കല്യാണപ്പിറ്റേന്ന് പുതിയാപ്പി ളയുടെ കൂടെ സ്കൂളില്‍ ജോയിന്‍ ചെയ്യാന്‍ പോയത് ഇന്നും തെല്ലൊരു നാണത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.
വഴിക്കെല്ലാം പുതിയണ്ണിനെ കാണാന്‍ നില്ക്കുന്നവര്! സാരി ഉടുക്കുന്ന മുസ്ലീം സ്ത്രീകള്‍ അന്ന് അപൂര്‍വ്വമായിരുന്നു. അതിന്റെയൊരു കൗതുകവും പിന്നെ ഒരു പെണ്ണ് സ്കൂളില്‍ പഠിപ്പിക്കാന്‍ വരുന്ന അ ത്ഭുതവും എല്ലാം കൂടി പൊതുവേ നാണം കുണുങ്ങിയായ എന്നെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്.
അന്ന് മിക്ക എല്‍.പി. സ്കൂളുകളിലും അഞ്ചാം തരം വരെ ഉണ്ടായിരുന്നു. അധ്യാപകര്‍ വളരെ കുറവായിരുന്നു. ഞാന്‍ സ്കൂളില്‍ ചേരുമ്പോള്‍ രണ്ട് അധ്യാപകരാണ് അവിടെ ഉണ്ടായിരുന്നത്. ഒന്ന് പെരിമ്പലത്തെ കുഞ്ഞാപ്പുമാഷ്, എന്റെ എളാപ്പയുടെ മകന്. മറ്റേത് എന്റെ ഭര്‍ത്താവ് കമ്മദ് മാസ്റ്റര്‍. രണ്ടു പേരും എട്ടാം ക്ലാസും ട്രെയിനിംഗും ഉള്ള അധ്യാപകര്‍. നീയൊരു വല്യ എസ്.എസ്.എല്‍.സികാരിയെന്ന് പറഞ്ഞ് അവരെന്നെ കളിയാക്കിച്ചിരിക്കുന്നത് ഇന്നും കാതില്‍ മുഴുങ്ങുന്നു.
അന്നത്തെ മൂന്ന് വികൃതിക്കുട്ട ന്മാരെ ഇന്നും ഞാനോര്‍ക്കുന്നു. എനിക്ക് മൂന്നാം ക്ലാസിലായിരുന്നു ചാര്‍ജ്. ചക്കാലക്കുന്നന്‍ അവറുമുസ്ല്യാരുടെ മകന് മുഹമ്മദ്, ചക്കാലക്കുന്നന്‍ ഹൈദ്രു എന്ന ബാപ്പു, ചക്കാലക്കുന്നന്‍ ഹംസ (അവന് ഇന്ന് നമ്മോടപ്പമില്ല) ആദ്യമായിട്ട് ഒരു അധ്യാപിക പഠിപ്പിക്കാന്‍ വരുന്നതിന്റെ ഒരു കൗതുകവും അതില്‍ നിന്നുണ്ടായ കുസൃതികളും എന്നെ കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചിട്ടുള്ളത്.
തോണിക്കടവത്ത് സ്കൂളില്‍ ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴുണ്ടായ ഒരു വെള്ളപ്പൊക്കം ഇന്നും മനസ്സില്‍ മായാതെ നില്ക്കുന്നു. ആ വെള്ളപ്പൊക്കത്തില്‍ ആലുംകണ്ണിലെ പടിപ്പുരവരെ വെള്ളം കയറി. സ്കൂ ളിലെ ഫര്‍ണിച്ചറുകളെല്ലാം കൂട്ടിക്കെട്ടിമരത്തില്‍ ബന്ധിച്ചിരിക്കുകയായിരുന്നു. വെള്ളമിറങ്ങിയിട്ടും ഇഴജന്തുക്കളുടെ ഭീഷണി കാരണം സ്കൂള്‍ കൂറേ ദിവസം പ്രവര്‍ത്തിച്ചില്ല.
ഒരു അധ്യാപിക വന്നതോടെ പെണ്‍കുട്ടികള്‍ മുമ്പത്തേതിലും കൂടുതലായി സ്കൂളില്‍ ചേരാന്‍ തുടങ്ങിയെന്ന് മാഷ് പറയുമായിരുന്നു. തോണിക്കടവത്തെ ഇമ്മു-മങ്കരത്തൊടി ആലിക്കുട്ടിഹാജിയുടെ മകള്‍-അനിയനായ ഇസ്ഹാഖിന്റെ കൂടെയാണ് സ്കൂളില്‍ ചേര്‍ന്നത്. 'നിന്നെ കണ്ടിട്ടാണ് എന്റെ മകളെ ഇവിടെ ചേര്‍ക്കുന്നതെന്ന' അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും എനിക്ക് അഭിമാനത്തിന് വക നല്കുന്നു. ഇന്നത്തെ പോലെ അഞ്ച് വയസ്സായ എല്ലാ കുട്ടികളും സ്കൂളില്‍ പോകു ന്ന പതിവൊന്നും അന്നുണ്ടാ യിരുന്നില്ല. എല്ലാ മാസവും സ്കൂള്‍ വിസി റ്റിന് എ.ഇ.ഒ. വരുമായിരുന്നു. പ്രദേശത്ത് അഞ്ചാം ക്ലാസ് ആനക്കയത്ത് മാത്രമേ ഉണ്ടായിരുന്നുള്ളു. പെരിമ്പലം, പുള്ളിലങ്ങാടി, ചെക്ക്പോസ്റ്റ്, മുട്ടിപ്പാലം എന്നീ വിടങ്ങളില്‍ നിന്നെല്ലാം കുട്ടികള്‍ ഇങ്ങോട്ടായിരുന്നു വന്നിരുന്നത്. ടീച്ചറെക്കാളും വലിയ കുട്ടികളാണല്ലോ അഞ്ചാം ക്ലാസില്‍ എന്ന് പല എ.ഇ.ഒമാരും പറയാറുണ്ടായിരുന്നു.
നീണ്ട 38 വര്‍ഷത്തെ അധ്യാപനജീവിതം ഒരു പാട് അനുഭവങ്ങള്‍ സമ്മാനിച്ചു. 1949 ല്‍ ജോലിയില്‍ പ്രവേശിച്ചത് പരിശീലനം ലഭിക്കാതെ ആയിരുന്നല്ലോ, തുടര്‍ന്ന് 1952-ല്‍ ടി.ടി.സിക്ക് ചേരുകയും 1954-ല്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
അതോടെ അണ്‍ട്രെയ്ന്‍ഡ് ടീച്ചറുടെ ശമ്പളമായ നാല്‍പ്പത് രൂപയില്‍ നിന്നും എന്റെ ശമ്പളം അറുപത് രൂപയായി വര്‍ധിച്ചു. എച്ച്.എം. ആയി പ്രമോഷന് കിട്ടിയെങ്കിലും അത് സ്വീകരിച്ചില്ല. ഓഫീസ് കാര്യങ്ങള്‍ക്കൊക്കെ കോട്ടക്കല്‍ വരെ പോകണമായിരുന്നു. ഇന്നത്തെ പോലെ വാഹനസൗകര്യമൊന്നുമില്ലാത്ത അക്കാലത്ത് അത് വലിയ ബുദ്ധിമുട്ട് തന്നെയായിരുന്നു.
വര്‍ഷങ്ങളോളം ഒന്നാം ക്ലാസി ലെ ടീച്ചറായിരുന്നു ഞാന്‍. മൂന്ന് തലമുറയിലെ കുട്ടികളെ പഠിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ധാരാളം ശിഷ്യഗണങ്ങള്‍. പലരും ഇപ്പോഴും ടീച്ചറെ കാണാനെന്ന് പറഞ്ഞുവരുമ്പോള്‍, അവരുടെ സ്നേ ഹാദരവ് കാണുമ്പോള്‍ ഒക്കെ, ഞാ ന് ഇന്നേ വരെ വാങ്ങിയ ശമ്പളത്തേക്കാളൊക്കെ എത്ര വലുതാണ് അതെന്ന് എനിക്ക് തോന്നുന്നു. ഇന്നത്തെ പോലെ രക്ഷിതാക്കള്‍ സ്കൂളില്‍ വരുന്ന പതിവൊന്നും അന്നില്ല. സ്കൂളില്‍ ചേര്‍ക്കാന്‍ കുട്ടികളെയും കൊണ്ടു വന്നാല്‍ അതായി. പിന്നെ എല്ലാ ഉത്തരവാദിത്വവും അധ്യാപകര്‍ക്ക് തന്നെ. എത്രയോ വിദ്യാര്‍ത്ഥികളെ, എന്റെ ഭര്‍ത്താവ് ഉപരിപഠനത്തിനായി ജെ.ഡി.ടി. യിലും മറ്റും കൊണ്ടുപോയി ചേര്‍ത്തിട്ടുണ്ട്. ചിലരെങ്കിലും ഇന്നും അതൊക്കെ ഓര്‍ക്കുന്നുണ്ടെന്ന് ഒരു മഹാഭാഗ്യമായി കരുതുന്നു.
അധ്യാപനജീവിതത്തിലെ ഓര്‍മ്മകള്‍ക്ക് ഒരു മങ്ങലും സംഭവിച്ചിട്ടില്ലെന്നത് എഴുതിത്തുടങ്ങുമ്പോഴാണറിയുന്നത്. എന്റെ മുന്നിലൂടെ കടന്നുപോയ ഓരോ കുരുന്നുമുഖവും ഇന്നും മനസ്സില്‍ തങ്ങിനില്ക്കുന്നു. എല്ലാവരും ഇന്ന് മുതിര്‍ന്നവരാണ്. എങ്കിലും എന്റെ മനസ്സില്‍ അവരുടെ കുരുന്നുമുഖവും കാതില്‍ 'ടീച്ചറെ' എന്നുള്ള വിളിയും ഇപ്പോഴും ചെറുപ്പമായി തന്നെ നിലനില്ക്കുന്നു. അഞ്ചു വര്‍ഷം ഞങ്ങളുടെ അരുമശിഷ്യരായിരുന്ന, പിന്നീട് ജവിതവൃത്തിക്ക് വേണ്ടി ജോലിക്ക് പോയ, ജീവനോടെ മണ്ണിലകപ്പെട്ട ഏതാനും മുഖങ്ങളും ഈയവസരത്തില്‍ ഞാനോര്‍മ്മിക്കുന്നു. അങ്ങനെയങ്ങനെ... നിങ്ങളുടെ സുവനീറിന്റെ മുഴുവന്‍ പേജ് തന്നാ ലും എന്റെ ഓര്‍മ്മകള്‍ പകര്‍ത്താന്‍ തികയില്ല. കാരണം ഈ ആനക്കയത്തുള്ള മിക്കപേരും എന്റെ കുട്ടികളാണ്. അവരുടെയൊക്കെ കുട്ടിക്കാലം എന്റെ മുന്നില്‍കൂടിയായിരുന്നു കടന്നുപോയത്. എല്ലാം ഓര്‍മ്മിക്കുമ്പോള്‍ ജിവിതം ധന്യമായ പോലെ.
നമ്മുടെ വിദ്യാലയം
1974 വരെ ആനക്കയത്തും സമീപപ്രദേശങ്ങളിലുമുള്ള കുട്ടികള്‍ക്ക് അപ്പര്‍പ്രൈമറിവിദ്യാഭ്യാസം നേടുന്നതിന് ദൂരെ പോകേണ്ട ദുരവസ്ഥയായിരുന്നു. ദരിദ്രകുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇത് പ്രയാസകരമാണെന്ന് പറയേണ്ടതില്ലല്ലോ. സമീപസ്ഥലത്ത് വിദ്യാലയമില്ലാതിരുന്നാല്‍ പലകുട്ടികളുടെയും പഠനം (വിശേഷിച്ച് പെണ്‍കുട്ടികളുടെ) നിന്നുപോകുന്ന അവസ്ഥയാണുണ്ടാവുക. ആനക്കയത്തിന് ചുറ്റുമുള്ള ഉള്‍പ്രദേശങ്ങളിലെ നിര്‍ധനകുടുംബങ്ങളിലെ കുട്ടികള്‍ക്ക് ലോവര്‍പ്രൈമറിക്ക് മേലെയുള്ള വിദ്യാഭ്യാസം ഒരു കിട്ടാകനി എന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
സമൂഹത്തിന്റെ നാനാവിധത്തിലുള്ള പുരോഗതിക്കും സുസ്ഥിരതക്കും അടിത്തറയായി നിലകൊള്ളുന്നത് വിദ്യാഭ്യാസമാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല. വളരെ വിപുലമായൊരു മേഖലയാണ് വിദ്യാഭ്യാസം. ഉന്നതവിദ്യാഭ്യാസങ്ങള്‍ക്കെല്ലാം അടിത്തറയായി വര്‍ത്തിക്കുന്നത് ഏഴാം സ്റ്റാന്റേര്‍ഡ് വരെയുള്ള പ്രൈ മറിവിദ്യാഭ്യാസമത്രേ. ആ നിലക്ക് പ്രൈമറിവിദ്യാഭ്യാസത്തിന് തുല്യതയില്ലാത്ത സ്ഥാനവും പ്രധാന്യവുമാണുള്ളത് എന്ന് കാണാം.
1974-ല്‍ അന്നത്തെ കേരളസര് ക്കാര് അര്‍ഹതയുള്ള സ്ഥലങ്ങളില്‍ യു.പി.സ്കൂളുകളും ഹൈസ്കൂളുകളും അനുവദിക്കുന്നു എന്നറിഞ്ഞപ്പോള്‍ ആനക്കയത്തെ വിദ്യാഭ്യാസതല്പരരായ വ്യക്തികള്‍ ഇവിടെ ഒരു യു.പി.സ്കൂളിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
സ്കൂളിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് ആദ്യം തന്നെ സ്കൂള്‍ സ് പോണ്‍സറിങ്ങ് കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ടായിരുന്നു. അതിപ്രധാനമായ രണ്ടു നിബന്ധനകള്‍ ഈ കമ്മി റ്റി പൂര്‍ത്തീകരിക്കേണ്ടിയിരുന്നു. ഒന്നാമതായി രണ്ടേക്കര്‍ ഭൂമി സര്‍ക്കാറിന് സൗജന്യമായി നല്‍കണം. രണ്ടാമതായി കെ.ഇ.ആര്. അനുശാസിക്കുന്ന അളവില്‍ മൂന്ന് മുറികളുള്ള ഒരു കെട്ടിടം മേല്‍പ്പറഞ്ഞ കമ്മിറ്റി വേഗത്തില്‍ ഉണ്ടാക്കണം. (കെട്ടിടം ആവുന്നത് വരെ തല്‍ ക്കാലം ക്ലാസ് നടത്തുന്നതിന് മദ്രസാകെട്ടിടമോ മറ്റോ ഉപയോഗിക്കാം)
പ്രയാസകരവും ഭാരമേറിയതുമായ ആദ്യത്തെ കടമ്പ ഭംഗിയായികടന്നു. അതായത് നിരപ്പായ രണ്ടേക്കര്‍ സ്ഥലം കേരളസര്‍ക്കാറിന് സൗജന്യമായികൊടുത്ത് ആധാരം രജിസ്റ്റര്‍ ചെയ്തു. ആദ്യത്തെ ക്ലാസ് (അഞ്ചാം സ്റ്റാന്റേര്‍ഡ്) അടുത്തുള്ള മദ്രസയില്‍ നടത്തുവാന്‍ മദ്രസാകമ്മിറ്റി അനുവദിക്കുകയും ചെയ്തു. ക്ലാസ് ആരംഭിക്കുന്നതിന് ആദ്യമായി ചെയ്യേണ്ടിയിരുന്നത് അഞ്ചാം തരത്തില്‍ കുട്ടികളെ അഡ്മിറ്റ് ചെയ്യുക എന്നതായിരുന്നു. അതിന്നായി പുള്ളിയിലങ്ങാടി നിവാസിയും അവിടെയുള്ള ആനക്കയം ജി.എം.എല്‍.പി. സ്കൂള്‍ അധ്യാപകനുമായിരുന്ന ശ്രീ. കെ. കുഞ്ഞിവീരാന്‍മാസ്റ്ററെ ഇങ്ങോട്ട് ഡെപ്യൂട്ട് ചെയ്യുകയും ചെയ്തു. അദ്ദേഹമാണ്, അന്ന് അഞ്ചാം തരം നിലനിര്‍ത്തിയിരുന്ന ആനക്കയം എ.എം.എല്‍.പി. സ്കൂളി ല്‍ നിന്ന് അഞ്ചാം തരത്തിലെ കുട്ടികളെ ടി.സി. വാങ്ങി ഇവിടെ ചേര്‍ത്തത്.
പെട്ടെന്ന് കാര്യങ്ങള്‍ നടക്കാന്‍ എ.ഇ.ഒ. വിന്റെ നിര്‍ദ്ദേശമനുസരിച്ച് കുഞ്ഞിവീരാന്‍മാസ്റ്റര്‍ താല്കാലികമായി ചുമതലയേറ്റതായിരുന്നു. ആരോഗ്യപരമായി അദ്ദേഹത്തിന് പ്രയാസമുണ്ടായിരുന്നതിനാല്‍, അന്ന് ഇരുമ്പുഴി യു.പി. സ്കുളിലായിരുന്ന വിനീതനായ എന്നോട് ആനക്കയം ജി.യു.പി. സ്കൂളിലേക്ക് സ്ഥലമാറ്റം ചോദിക്കാനാവശ്യപ്പെട്ടു. അതി നനുസരിച്ച് ഞാന്‍ ഇങ്ങോട്ട് ട്രാന്‍സ് ഫര് ആവശ്യപ്പെട്ടത് പ്രകാരം എന്നെ ഇങ്ങോട്ട് മാറ്റുകയും ചെയ്തു. 1974 നവംബര്‍ 1-ന് ഞാന്‍ ഇവിടെ ടീച്ചര്‍ ഇന്‍ചാര്‍ജ്ജ് (പ്രധാനാധ്യാപകന്റെ ചുമതല നിര്‍വ്വഹിക്കുന്ന അധ്യാപകന്) ആയി ജോയിന്‍ ചെയ്യുകയും ചെയ്തു. (അന്ന് മുതല്‍ 1993-ല്‍ സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്നത് വരെ ഞാന്‍ ഇവിടെ തന്നെയായിരുന്നു)
1974-75 വര്‍ഷത്തില്‍ ഒരു ക്ലാസും ഒരധ്യാപകനും മാത്രമാണുണ്ടായിരുന്നത്. ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ (എ.ഇ.ഒ) നടത്തുന്ന കോണ്‍ഫറന്‍സ്, മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ എന്നിവക്കായി പോകേണ്ടിയിരുന്നതിനാല്‍ ചില ദിവസങ്ങളില്‍ ഏക അധ്യാപകനായ എനിക്ക് സ്കുളില്‍ ഹാജരാകാന്‍ പറ്റാത്ത അവസ്ഥ വരുമായിരുന്നു. ആ ദിവസങ്ങളില്‍ ഇരുമ്പുഴി ജി.എം.യു.പി സ്കൂള്‍ ഹെഡ്മാസ്റ്ററോട് തലേന്ന് ബന്ധപ്പെട്ട് അവിടെനിന്ന് ഒരധ്യാപകനെ ഇങ്ങോട്ടയപ്പിക്കുകയാണ് ചെയ്തിരുന്നത്. അറബി പഠിപ്പിക്കുന്നതിന് ആനക്കയം ജി.എം.എല്‍.പി.എസ്. ല്‍ നിന്ന് എന്റെ നാട്ടുകാരനും സുഹൃത്തുമായ കെ.എം. സൈഫുദ്ദീന്‍മാസ്റ്ററെ ആഴ്ചയില്‍ രണ്ടു ദിവസം ഇവിടെ ജോലിചെയ്യാന്‍ എ.ഇ.ഒ ഏര്‍പ്പാട് ചെയ്തിരുന്നു.
അടുത്തവര്‍ഷം (1975-76) രണ്ടു ക്ലാസുകളായി. അഞ്ചും ആറും സ്റ്റാന്റേഡുകള്‍. ഒരു ടീച്ചറെകൂടി നിയമിച്ചു. പിറ്റത്തെ വര്‍ഷം (1976-77) ഏഴാം സ്റ്റാന്റേഡുമായി. യു.പി.സ്കൂള്‍ പൂര്‍ത്തിയാക്കി. അക്കൊല്ലമാണ് സ്കൂളിന് ഹെഡ്മാസ്റ്റര് എന്ന പ്രത്യേകതസ്തികയുണ്ടായത്. ആദ്യത്തെ ഹെഡ്മാസ്റ്ററായി മങ്കടപള്ളിപ്പുറം നിവാസി എന്‍. അലവിമാസ്റ്റര്‍, മേലാക്കം ജി.യു.പി. സ്കൂളില്‍ നിന്ന് ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ വാങ്ങി ഇവിടെ ചാര്‍ജ്ജെടുത്തു. റിട്ടയര്‍ ചെയ്യുന്നത് വ രെ അദ്ദേഹം ഇവിടെ സേവനം ചെയ്തു.
ഇതിനിടയില്‍ സ്കൂള്‍ സ്പോ ണ്‍സറിംഗ് കമ്മിറ്റി ബാധ്യത ഏറ്റെ ടുത്ത് മൂന്ന് മുറികളുള്ള കെട്ടിടം നിര്‍മ്മിച്ചിരുന്നു. അതിലേക്ക് അത്യാവശ്യം വേണ്ട ബെഞ്ച്, ഡസ്ക്, മേശ എന്നീ ഫര്‍ണിച്ചറും. ഈ കെട്ടിടത്തില്‍ ഓഫീസും രണ്ട് ക്ലാസുകളും നടത്തി. ബാക്കി ക്ലാസുകള്‍ മദ്രസയില്‍ തന്നെ.
പിന്നീട് സ്കൂള്‍ പി.ടി.എ. കമ്മറ്റിയുടെയും മറ്റ് വിദ്യാതല്‍പരരുടെയും കഠിനപരിശ്രമത്തിന്റെ ഫലമായി നമ്മുടെ ഇരുനിലകെട്ടിടം നിര്‍മ്മിക്കപ്പെട്ടു. അതിലേക്ക് വേണ്ട ഫര്‍ണിച്ചറും സര്‍ക്കാറില്‍ നിന്ന് തന്നെ കിട്ടി. അപ്പോഴാണ് കുട്ടികള്‍ക്ക് സൗകര്യമായിരുന്ന് പഠിക്കാനും അധ്യാപകര്‍ക്ക് ഫലപ്രദമായി പഠിപ്പിക്കാനും സാധിക്കുന്ന ശരിയായ ഒരവസ്ഥയുണ്ടായത്.
ആനക്കയം, പുള്ളിയിലങ്ങാടി, പുല്ലഞ്ചേരി, ചേപ്പൂര്, ചെക്ക്പോസ്റ്റ്, മുട്ടിപ്പാലം, പാണായി, പെരിമ്പലത്തിന്റെ ഒരു ഭാഗം എന്നിവിടങ്ങളില്‍ നിന്ന് എല്‍.പി. വിദ്യാഭ്യാസം കഴി ഞ്ഞ കുട്ടികളെ ഇവിടെ ചേര്‍ത്തത് കൊണ്ട് ക്ലാസ് ഡിവിഷനുകളുടെ എണ്ണവും തന്മൂലം അധ്യാപകരുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചു.
ഇതിനിടയില്‍ അസാധാരണം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രധാനസംഭവവുമുണ്ടായി. യു.പി.വിഭാഗം മാത്രമുണ്ടായിരുന്ന ഈ സ്കൂളില്‍ എല്‍.പി. വിഭാഗം കൂടിയുണ്ടായിത്തീര്‍ന്ന സംഭവമാണത്. ആനക്കയത്ത് തന്നെയുണ്ടായിരുന്ന മാനേജ്മെന്റ് സ്കൂളായ എ.എം.എല്‍.പി. സ്കൂള്‍ ഇനി നടത്തിക്കൊണ്ടുപോകാന്‍ തനിക്ക് കഴിയില്ല എന്ന് പ്രസ്തുത സ്കൂള്‍ മാനേജര്‍ സര്‍ക്കാറിലേക്ക് എഴുതി അറിയിച്ചു. എയ്ഡഡ് സ്കൂളിനെ സംബന്ധിച്ചിടത്തോളം സുരക്ഷിതത്വമുള്ള കെട്ടിടവും ഫര്‍ണിച്ചറും ഉണ്ടാക്കുക എന്നത് മാനേജറുടെ ബാധ്യതയാണ്. എ.എം.എല്‍.പി. സ്കൂളിന്റെ അവസ്ഥ തീര്‍ത്തും ശോചനീയമായിരുന്നു. സര്‍ക്കാര്‍ നിബന്ധനകള്‍ക്കനുസൃതമായി സ്കൂള്‍ ബില്‍ ഡിംഗ് പുതുക്കി പണിയുവാന്‍ സാ മ്പത്തികശേഷികുറഞ്ഞ മാനേജര്‍ക്ക് സാധിക്കാതെവന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം തനിക്ക് സ്കൂള്‍ തന്നെ വേണ്ട എന്ന നിലപാടെടുത്തത്. തന്മൂലം ആനക്കയത്തെ എല്‍.പി.ക്ലാസുകളിലെ കൊച്ചുകുട്ടികളുടെ വിദ്യാഭ്യാസം വഴിമുട്ടി. എന്നാ ല്‍ ഈ പ്രതിസന്ധിക്ക് നാട്ടുകാര്‍ പരിഹാരമാര്‍ഗ്ഗം കണ്ടു. എല്‍.പി. വിഭാഗം ഇല്ലാതിരുന്ന ഈ യു.പി. സ്കൂളില്‍ എല്‍.പി. വിഭാഗം കൂടി തുടങ്ങാന്‍ സര്‍ക്കാര്‍ സമ്മതിച്ചാല്‍ പ്രശ്നം തീരുമെന്ന് നാട്ടിലെ വിദ്യാതല്‍പരര്‍ മനസ്സിലാക്കി.
തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ആനക്കയം ജി.യു.പി. സ്കൂളില്‍ എല്‍.പി.വിഭാഗം തുടങ്ങാന്‍ സര്‍ക്കാര്‍ ഓര്‍ഡറായി. എ.എം.എല്‍.പി. സ്കൂളിലെ കുട്ടികളെ നമ്മുടെ സ്കൂളില്‍ ചേര്‍ത്തു. അവിടുത്തെ അധ്യാപകരെ ഗവണ് മെന്റ് സ്കൂള്‍ അധ്യാപകരില്‍ ഉള് പ്പെടുത്തി ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. സുപ്രധാനമായ ഈ സംഭവം നടന്നത് 1987-88 വിദ്യാഭ്യാസ വര്‍ഷത്തിലാണ്. ഇതോ ടെ ഈ സ്കൂള്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളുള്ള ഒരു പൂര്‍ണ്ണ യു.പി. സ്കൂളായി.
ഈ വിദ്യാലയത്തില്‍ ഇതിനകം സേവനം ചെയ്ത പ്രധാനാധ്യാപകരെ ഈയവസരത്തില്‍ അനുസ്മരിക്കുന്നത് ഉചിതമായിരിക്കും. പ്രഥമ പ്രധാനധ്യാപകന് പരേതനായ ശ്രീ. എന്‍.അലവിമാസ്റ്ററായിരുന്നു എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. അതിന് ശേഷം യഥാക്രമം ശ്രീ.സി. ഭാസ്ക്കരന്‍ മാസ്റ്റര്‍, ശ്രീ. കെ.വി. ഗംഗാധരന്‍മാസ്റ്റര്‍, ശ്രീ. കെ.വി. സക്കറിയമാസ്റ്റര്‍ എന്നിവര്‍ സ്കൂ ളിനെ നയിച്ചു. ഇവരെല്ലാം ഈ ലേഖകന്‍ അടുത്ത് പരിചയമുള്ളവരാണ്. എല്ലാവരും സ്കൂളിന്റെ പുരോഗതിക്കുവേണ്ടി ആവുന്നത്ര പ്രയത്നിച്ചിട്ടുണ്ട് എന്നു എനിക്ക് സംശയമെന്യേ പറയാന്‍ കഴിയും. ഇവര്‍ക്ക് ശേഷം യഥാക്രമം ശ്രീ. എ. സെയ്തലവിമാസ്റ്റര്‍, ശ്രീ. കെ.ടി. അബൂബക്കര്‍മാസ്റ്റര്‍, ശ്രീ. പി.ആര്. സുകുമാരന്‍നായര്‍, ശ്രീ. കെ.ജെ. ബാബുറാംമാസ്റ്റര്‍ എന്നിവര്‍ ഈ സ്കൂളിന്റെ അമരത്തിരുന്നിട്ടുണ്ട്. ഇപ്പോള്‍ നാട്ടുകാരനായ ശ്രീ. കെ.എം. അബ്ദുല്‍റഷീദ്മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി സേവനം ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാവരും തൃപ്തികരമായി സേവനമനുഷ്ഠിച്ചിട്ടുണ്ട് എന്നു തന്നെയാണ് ഈ ലേഖകന്‍ മനസ്സിലാക്കുന്നത്. നാട്ടുകാരനാവുമ്പോള്‍ വിദ്യാലയത്തോട് പ്രതിബദ്ധത കൂടുന്നത് സ്വാഭാവികമാണ്. ആ നിലക്ക് അബ്ദുല്‍റഷീദ്മാസ്റ്റര്‍ക്ക് ശോഭനമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അതിന് ദൈവം അനുഗ്രഹിക്കുമാറാകട്ടെ. ആനക്കയത്തിന്റെ അഭിമാനസ്തംഭമായ ഈ വിദ്യാലയത്തിന് എല്ലാ നന്മകളും ആശംസിക്കുന്നു. അതിന്നായി ജഗന്നിയന്താവായ ദൈവം തുണക്കുമാറാകട്ടെ...
വാട്ടര്ട്രീറ്റ്മെന്റ്പ്ലാന്റ് ആനക്കയം
ശുദ്ധമായ ജലത്തിന്റെ യോഗ്യതകള്‍ ഏകദേശം താഴെ പറയുന്നവയാണ്.
1 ജലം തെളിഞ്ഞതായിരിക്കുക
2 നിറവും മണവുമില്ലാതിരിക്കുക
3 രോഗാണുക്കള്‍ ഇല്ലാതിരിക്കുക
4 അപകടകാരികളായ ധാതുലവണ ങ്ങള് ഇല്ലാതിരിക്കുക
5 ശരീരത്തിനാവശ്യമായ ധാതുലവണങ്ങള്‍ ഉണ്ടായിരിക്കുക
6 നിറം ഉണ്ടാകാതിരിക്കുക
എന്താണ് ജലശുദ്ധീകരണം?
2 പി.എച്ച് മൂല്യത്തിന്റെ വ്യതിയാനം
(എ) കുറഞ്ഞ പി.എച്ച്. മൂല്യം-പുളി രുചി
(ബി) ഉയര്‍ന്ന പി.എച്ച്. മൂല്യം-കാരരുചി
3 ജൈവമലിനീകരണം
(എ) നിറവ്യത്യാസം സംഭവിക്കുക
(ബി) അരോചകമായ മണം, രുചി
4 കാഠിന്യം അധികമാകുക
(എ) പതയുന്നതിന് കൂടുതല്‍ സോപ്പ് ആവശ്യമായി വരിക
(ബി) ചൂടാക്കുമ്പോള്‍ വെളുത്തപൊടി അടിയുക
5 പായല്‍ വളര്‍ച്ച
(എ) പകല്‍സമയത്ത് നിറം മോശമാകുകയും രാത്രിസമയത്ത് സാധാരണ നിറമാകുകയും ചെയ്യുക
(ബി) ജലത്തിന് അസ്വസ്ഥമായ മണവും രുചിയും ഉണ്ടാകുക
6 കാര്‍ബണേറ്റ് അടിഞ്ഞു ചേരുക
(എ) ജലം തട്ടുന്ന സ്ഥലങ്ങളില്‍ വെളുത്ത പൊടികാണുക
(ബി) ജലത്തിന് വെളുത്തനിറമുണ്ടാകുക
7 കീടനാശിനിയുടെ സാന്നിദ്ധ്യം
8 അമിതമായ ഫ്ളൂറൈഡും ക്ലോറൈഡും
1) എയറേറ്റര്‍ 2) ഫ്ളാഷ് മിക്സര്‍ 3) ക്ലാരിഫ്ളോക്കുലേറ്റര് 4) ഫില്‍ട്ടര്‍ 5) ഡിസ്ഇന്ഫെക്ഷന്യൂണിറ്റ് 7)ലബോറട്ടറി
ആനക്കയം പാലം
തമ്മില്‍ കളിയാക്കിയും തലതല്ലിച്ചിരിച്ചും പാലം പണിയില്‍ ഏര്‍പ്പെട്ടിരുന്ന പണിക്കാര്ക്കരികിലേക്ക് ദുരന്തവാര്ത്തുയും പേറി വന്നതാരെന്നുപോലും നോക്കാതെ എല്ലാവരും ഈരാമുടുക്കിലേക്കു കുതിച്ചു. മണ്ണിടിഞ്ഞത് മാറ്റാന്പറ്റുന്നതെന്തും ആളുകള്‍ കയ്യില്‍ കരുതിയിരുന്നു.
ഒരു മലമുഴുവനും കയറ്റാനൊരുങ്ങി പരാജയപ്പെട്ട് നടുവൊടിഞ്ഞതു പോലെ കിടക്കുന്നലോറി. ആര്‍ത്ത് കരയുന്ന ജനങ്ങള്‍. കയ്യില്കിട്ടിയതെന്തുകൊണ്ടും മണ്ണ് മാന്തുന്ന നാട്ടുകാര്‍.
മണ്ണില്പൂണ്ടുകിടക്കുന്നവരെ അതിവേഗം പുറത്തെടുത്ത് രക്ഷപ്പെടുത്തുന്ന നാട്ടുകാര്ക്കപ്പോള് ഒരൊറ്റ മനസ്സായിരുന്നു.
ദുരന്ത മുഖത്ത് പകച്ചുനിന്നവര്‍ സൈറ്റ് സൂപ്പര്‍വൈസര്‍മാര്‍ മാത്രമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പല രക്ഷാപ്രവര്‍ത്തകര്‍ക്കും പരിക്കേല്ക്കുന്നുണ്ടായിരുന്നു. വൈകിയെത്തിയ എം.എസ്.പി. ഫോഴ്സിനും കര്‍മ്മസേനക്കും ചെയ്യാന്‍ കഴിയുന്നതിലേറെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ മികവുകാട്ടിയത്.
മണ്ണിന്റെ പുറത്ത് അല്പം മുടികണ്ട് ഒരുപറ്റം ആളുകള്‍ അവിടുത്തെ മണ്ണുമാന്താന്‍ തുടങ്ങി. മണ്ണില്‍ മുഴുവന്‍ മൂടിപോയിരുന്ന യുവതിയെ രക്ഷാപ്രവര്‍ത്തകര്‍ മണ്ണില്‍നിന്നും പുറത്തെടുത്തു. ജീവന്റെ തുടിപ്പുകണ്ട നാട്ടുകാര്‍ അവരെയും പേറി വാഹനത്തിനരികിലേക്കോടി. (മുട്ടിപ്പാലം കയ്യറമാടി നാടിക്കുട്ടിയുടെ മകള്‍ സരോജിനി എന്ന അവര്‍ 2009 വര്‍ഷത്തില്‍ ക്യാന്‍സര്‍ പിടിപെട്ടാണ് മരിച്ചത്) 7.30 ന് അകാശവാണി ഡല്ഹിവാര്ത്തയില് ദുരന്തത്തെക്കുറിച്ചുള്ള വാര്ത്തവന്നതായി ആരോ ഉറക്കെപറഞ്ഞെങ്കിലും പലരും അതു കേട്ടില്ലെന്നുനടിച്ചു.
കൈമെയ് മറന്ന് രക്ഷാപ്രവര് ത്തനം നടത്തിയവര്‍ക്കിടയില്‍ നി ന്നും ഒരാളെകിട്ടി... ജിവനില്ല എ ന്നും... ഒരാളെക്കൂടി കിട്ടി ജീവനുണ്ട്... എന്നീ വാക്കുകള്‍ മാത്രമേ പുറത്തേക്കു വന്നിരുന്നുള്ളൂ. രക്ഷാപ്രവര്ത്തിലേര്പ്പെട്ടവരാരും തന്നെ 4.10 ല്‍ നിന്നും 10 മണിയിലെക്ക് സഞ്ചരിച്ച മണിക്കൂര്സൂചിയുടെ കിതപ്പറിഞ്ഞില്ല. കണ്മുന്നിലൂടെ ജീവിതപടവിലേക്ക് കൈപ്പിടിച്ചുയര്ത്തിയവരുടെ മുഖം ആര്‍ക്കുമറിയില്ലെങ്കിലും മണ്ണില്‍ നിന്നും മണ്ണിലേക്കുമടങ്ങിയ പത്തു ജീവിതങ്ങളുടെ കണ്ണിമചിമ്മിയ മുഖം സ്വന്തം കണ്ണിമചിമ്മിയിട്ടും നാട്ടുകാരുടെ മുന്നില്‍ നിന്നും മാഞ്ഞില്ല.
രാത്രി പത്തു മണി കഴിഞ്ഞ് തിരച്ചില്‍ തല്‍ക്കാലത്തേക്കു നിര്‍ത്തിവെച്ച് നാട്ടുകാര്‍ ഒന്നാകെ ആനക്കയം അങ്ങാടിയില്‍ തടിച്ചുകൂടി. ആള്‍ക്കൂട്ടത്തിനിടയിലേക്കു കയറിവന്ന സൈറ്റ് സൂപ്പര്‍വൈസര്‍മാരെ ആനക്കയത്തെ പൗരപ്രമുഖര്‍ ചോദ്യം ചെയ്യുകയുണ്ടായെങ്കിലും അന്ന് പണിയെടുത്ത ആളുകളുടെ എണ്ണം പോലും അവര്‍ക്കറിയില്ല എന്നായിരുന്നു മറുപടി. ആയതുകൊണ്ടുതന്നെ കരുവത്തില്‍ മൂസ്സാക്കയുടെ ചായകണക്കിലാണ് ആളുകളുടെ എണ്ണം തിട്ടപ്പെടുത്തിയത്. അന്യായം ആരുടെ ഭാഗത്തു കണ്ടാ ലും ആനക്കയത്തുകാര്‍ അടിയിലൂടെ മറുപടി കൊടുത്തതിന്റെ ചരി ത്രമാരംഭിക്കുന്നതും അവിടെ നിന്നുതന്നെയാണ്. രക്തം വാര്‍ന്നൊഴുകുന്ന സൈറ്റ് സൂപ്പര്‍വൈസര്‍മാരുടെ മുഖം ആ വലിയ ദുരന്തത്തിനിടയില്‍ ഒരു പൊടി സഹതാപം പോലും അര്‍ഹിച്ചിരുന്നില്ല.
കിഴക്ക് സൂര്യനെണീക്കും മുമ്പുതന്നെ നാട്ടുകാരെണീറ്റ് ദുരന്തസ്ഥലമായ ഈരാമുടുക്കിലെത്തി തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. ആരും അരെയും കാത്തുനില്‍ക്കുന്നതായി അറിവില്ലാത്തതിനാലും ആരെയും കണ്ടെത്താത്തതിനാലും മണ്ണില്‍ നി ന്നും മണ്ണിലേക്കു മടങ്ങിയവരുടെ പേരുകള്‍ ഏവരും അരക്കിട്ടുറപ്പിച്ചു.
1. കൃഷ്ണന് ആനക്കയം, 2.കുഞ്ഞാത്തു ആനക്കയം, 3.ചേരിയില്‍ കദിജ ആനക്കയം, 4.ആയിശ, ആനക്കയം 5.മറിയുമ്മ മുട്ടിപ്പാലം, 6.യശോദ പള്ളിപ്പുറം 7. പാത്തുമ്മ ചെക്ക്പോസ്റ്റ്. പട്ടിക നീളുന്നു...
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 3,000 രൂപ നഷ്ടപരിഹാരമാണ് ലഭിച്ചത്. ആയൊരു ചടങ്ങോടെതന്നെ ആനക്കയം കണ്ട ഒരുവലിയ ദുരന്തത്തിനുമേല്‍ മറവിയുടെ മാറാലക്കട്ടു വീണുതുടങ്ങി.
ഓര്‍മ്മകളുള്ളവര്‍ക്ക് ഓര്‍മ്മകള്‍ നഷ്ടമാവുന്നുണ്ട്. ആ നഷ്ടപെടലില്‍ പലതും വിട്ടുപോയേക്കാം... പിശകുകള്‍ വന്നേക്കാം... എങ്കിലും കുറിക്കാതിരിക്കാനാവില്ലല്ലോ... എന്നായിരുന്നു ആ ദുരന്തം... വര്‍ഷം...? തിയ്യതി...?
പാലത്തിന്റെ കൈവരികളിലെ ശിലാഫലകത്തില്‍ കുറിച്ചിട്ടിരിക്കുന്നു. ശിലാസ്ഥാപനം 22-10-1965 ഉട്ഘാടനം 14-04-1967. ശിലാസ്ഥാപനം നടത്തിയവരുടെയും ഉദ്ഘാടനം നടത്തിയവരുടെയും പേരുകള്‍ ഇന്നും മാഞ്ഞിട്ടില്ല.
താഴെ,
ബ്രീട്ടീഷുകാരന്റെ കുതിരക്കുളമ്പടിപതിഞ്ഞ പഴയപാലത്തിന്റെ അവശേഷിപ്പും നനച്ച് കിഴക്കുനിന്നെത്തിയ ജലകണങ്ങള്‍ പുതിയപാലത്തിന്റെ തൂണുകളിലുരുമ്മികൊണ്ട്... മടക്കമില്ലാത്ത യാത്രമൊഴിചൊല്ലി തിരക്കിട്ട് പടിഞ്ഞാട്ടേക്കൊഴുകി.
മീതെ,
മടക്കമുണ്ടെന്നറിയച്ചുകൊണ്ട് വാഹനങ്ങള്‍ തെക്കോട്ടും വടക്കോട്ടും പാലം കുലുക്കികൊണ്ട് ധൃതിയില്‍ കുതിച്ചുപാഞ്ഞു-ജീവിതത്തിലേക്ക്
ഓര്‍മ്മകള്‍ പകര്‍ന്നു തന്നത്:
ബഹുമാന്യരായ കരുവത്തില്‍ അലവിഹാജി, ടി.പി.നാടിക്കുട്ടി, അയ്യപ്പന്, ജാനകി, മറ്റു ബഹുമാന്യര്‍...
ആനക്കയം കശുമാവ് ഗവേഷണകേന്ദ്രം
സ്കൂള്‍ സയന്‍സ് ലാബ്
ഐ.ടി. പഠനം സ്കൂളില്‍
2004-05 അധ്യായനവര്‍ഷത്തിലാണ് നമ്മുടെ സ്കൂളില്‍ ആദ്യമായി കമ്പ്യൂട്ടര്‍ എത്തുന്നത്. ആ വര്‍ഷം തന്നെ യു.പി. ക്ലാസിലെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചു. ഒരു അധ്യാപികയെ പി.ടി.എ. നിയമിച്ചു. ഓരോ ക്ലാസിനും ആഴ്ചയില്‍ രണ്ട് വീതം പിരിയേഡുകള്‍ ഐ.ടി.ക്കായി മാറ്റിവച്ചു. കമ്പ്യൂട്ടര്‍പഠനം ആരംഭിക്കുന്നത് ഒരു തിയറി ക്ലാസിലൂടെയാണ്. ഐ.ടി. പഠനം തുടങ്ങിയ സമയത്ത് ഒരു പ്രത്യേക സിലബസോ, കേവലം നിര്‍ദ്ദേശങ്ങള്‍ പോലുമോ ഇത് സംബന്ധിച്ചുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ എസ്.ആര്.ജി. തലത്തില്‍ തയ്യാറാക്കിയ ഒരു പാഠ്യക്രമമാണ് സ്കൂളില്‍ അനുവര്‍ത്തിച്ചു പോന്നിരുന്നത്. കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങള്‍ പരിചയപ്പെടുത്തുക എന്ന പ്രാഥമികക്ലാസ് ഇന്നത്തെ കാലത്ത് അപ്രസക്തമാണെങ്കിലും അന്ന് അത്യാവശ്യമായിരുന്നു. തുടര്‍ന്ന് കമ്പ്യൂട്ടര്‍ സംജ്ഞകള്‍ പരിചയപ്പെടുത്തുന്നു. കഴ്സര്‍, ഡെസ്ക്ടോപ്, ഫോള്‍ഡര്‍ മുതലായവ.
തുടര്‍ന്നാണ് കുട്ടികളെ കമ്പ്യൂട്ടര്‍ ലാബിലേക്ക് കൊണ്ടുപോകുന്നത്. സ്ഥലസൗകര്യത്തിന്റെ അഭാവം കാരണം, തുടക്കത്തില്‍ കുട്ടികളെ രണ്ടു ബാച്ചുകളായാണ് ലാബില്‍ കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇന്ന് എല്ലാ കുട്ടികളെയും ഉള്‍കൊള്ളാവുന്ന ഒരു വിപുലീകൃത സ്മാ ര്‍ട്ട് ക്ലാസ്റൂം സ്കൂളില്‍ സജ്ജീകരി ച്ചിരിക്കുന്നു. മൗസ് പ്രാക്ടീസ് ലഭിക്കുന്നതിനായി ഓരോ കുട്ടിക്കും വി വിധ ഗെയിമുകള്‍ കളിക്കാനവസരം നല്കുന്നു. വെറും വിനോദം എന്നതിലുപരി പഠനസംബന്ധിയായ ഗെയിമുകളാണ് ഉപയോഗപെടുത്തുന്നത്. കണക്ക്പഠനം, ശാസ്ത്രപഠനം എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകുന്നു.
കഴിഞ്ഞവര്‍ഷം വരെ എല്ലാ കുട്ടികളെയും കമ്പ്യൂട്ടര്‍ സാക്ഷരരാക്കുക എന്ന ദൗത്യമാണ് മുഖ്യമായും ചെയ്തു വന്നിരുന്നത്. കൂടാതെ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും ഐ.ടി. ലാബ് ഉപയോഗപ്പെടുത്തിയിരുന്നു. 8-ാം ക്ലാസിലെ ഐ.ടി. പഠനത്തിന് സഹായകമാകുന്ന രീതിയിലുള്ള ഒരു പരിശീലനമാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വന്നിരുന്നത്.
2009-10 വര്‍ഷമായപ്പോഴേക്കും ഐ.ടി. വിദ്യാഭ്യാസത്തിന് ഒരു പുതിയ മാനം കൈവന്നിരിക്കുന്നു. 5,6,7 ക്ലാസുകളില്‍ ഐ.ടി. ടെക്സ്റ്റ് ബുക്ക് ഉണ്ട്. അതിനനുസരിച്ച് ഐ.ടി. ക്ലാസുകള്‍ നവീകരിക്കപ്പെട്ടു. ആഴ്ചയിലുള്ള രണ്ട് പിരിയേഡുകള്‍ക്കു പുറമെ സാധ്യമായ മറ്റു പിരിയേഡുകളും കമ്പ്യൂട്ടര്‍ പഠനത്തിനായി മാറ്റിവെക്കുന്നു. കമ്പ്യൂട്ടറുടെ എണ്ണം കുട്ടികള്‍ക്കനുസരിച്ച് കുറവാണെങ്കിലും, എല്ലാ കുട്ടികള്‍ക്കും പ്രാക്ടിക്കലിന് അവസരം നല്‍കുന്നുണ്ട്.
ഐ.ടി. പിരിയഡുകളില്‍ മാത്രമല്ല മറ്റു പല സമയങ്ങളിലും ഐ.ടി. ലാബ് സജീവമാണ്. വിവിധ വിഷയങ്ങള്‍ പഠിപ്പിപ്പിക്കുന്നതിന് എല്ലാ അധ്യാപകരും ഐ.ടി. ഉപയോഗപ്പെടുത്തുന്നു. വെക്കേഷന് കാലത്ത് ലഭിച്ച ഐ.ടി. പരിശീലനം എല്ലാ അധ്യാപകരെയും ഐ.ടി. അധിഷ്ഠിത അധ്യാപനത്തിന് പ്രാപ്തരാക്കിയിട്ടുണ്ട്. സാമൂഹ്യശാസ്ത്രക്ലാസുകളില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുള്ള പഠനം നടക്കുന്നുണ്ട്. ഭാഷാക്ലാസുകളില്‍, കവിതാശകലങ്ങള്‍, പ്രശസ്തരുടെ പ്രസംഗങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവ ദൃശ്യശ്രാവ്യമാക്കാന് ഐ.ടി. സഹായിക്കുന്നു.
എഡ്യുസാറ്റ് വിക്ഷേപണം ചെയ്യുന്ന വിക്ടേഴ്സ് ചാനല്‍ പരിപാടികള്‍ വീക്ഷിക്കാനുള്ള സൗക ര്യം കുട്ടികള്‍ക്ക് ഒരുക്കിയിട്ടുണ്ട്. സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍, ശാന്തമായഅന്തരീക്ഷം തുടങ്ങിയവ നമ്മുടെ സ്മാര്‍ട്ട് ക്ലാസ്റൂമിന്റെ പ്രത്യേകതകളാണ്. വിജ്ഞാനപ്രദമായ നൂറോളം സിഡികള്‍ ഉള്‍പ്പെടുന്ന ഒരു സിഡി ലൈബ്രറി അടുത്തയിടെ ഉദ്ഘാടനം ചെയ്തു. എല്‍.പി., യു.പി. ക്ലാസുകള്‍ക്കും പ്രീപ്രൈമറിക്ലാസിനും അനുയോജ്യമായ ധാരാളം സിഡികള്‍ ഈ ലൈബ്രറിയിലുണ്ട്. എല്‍.പി. ക്ലാസുകള്‍ക്ക് ഐ.ടി. പിരിയേഡ് ഇല്ല എങ്കില്‍ പോലും കമ്പ്യൂട്ടര്‍ സംബന്ധമായ അടിസ്ഥാനകാര്യങ്ങള്‍ അവരും മാനസ്സിലാക്കേണ്ടതുണ്ട്. ഇതിനായി ഒഴിവുസമയങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. പഠനം രസകരവും ഉത്സാഹഭരിതവുമാക്കിത്തീര് ക്കാനുതകുന്ന ധാരാളം സിഡികള്‍ എല്ലാ കുട്ടികളെയും പഠനപ്രവര്ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.
ചുരുക്കത്തില്‍ പഠനത്തിന്റെ ആധുനികവല്‍ക്കരണം സാധ്യമാക്കുന്ന പ്രധാന ഉപാധിയാണ് ഐ.ടി.വിദ്യാഭ്യാസം. ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ടെങ്കിലും സ്കൂ ളില്‍ കാര്യക്ഷമമായ ഐ.ടി. പഠനം നടന്നുവരുന്നു എന്ന് പറയുന്നതില്‍ അഭിമാനമുണ്ട്.
അധ്യാപക-രക്ഷാകര്‍തൃസമിതി
സമൂഹത്തിലെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റി പിന്നോക്കാവസ്ഥയില്‍ നിന്നും മെച്ചപ്പെട്ട ഒരു ജീവിതശൈലിയിലേക്ക് നയിക്കാന്‍ ഉതകുന്നതായിരിക്കണം ഓരോ കുട്ടിയുടെയും വിദ്യാഭ്യാസം കൊണ്ടുദ്ദേശിക്കേണ്ടത്. തന്റെയും കുടുംബത്തിന്റെയും കാര്യങ്ങളെമാത്രം ചുരുക്കിചിന്തിക്കുകയും നമ്മുടെ സാംസ്കാരികപാരമ്പര്യത്തെ കണ്ടില്ലെന്ന് നടിക്കാതെയുമുള്ള ഒരുവനെയല്ല നമുക്കാവശ്യം. മറിച്ച് വ്യക്തിവികാസത്തിലൂടെ സാമൂഹികവികാസം ഉണ്ടാവാനുള്ള വിദ്യാഭ്യാസസമ്പ്രദായത്തെയാണ് നാം പോഷിപ്പിക്കേണ്ടത്. ഇതില്‍ പരമപ്രധാനം വിദ്യാര്‍ത്ഥികളാണ്. സാമൂഹ്യജീവിയായി ജീവിക്കാന്‍ ഒരു കുട്ടിക്ക് കഴിയണമെങ്കില്‍ അധ്യാപകര്‍ മാത്രം വിചാരിച്ചാല്‍ പോര, രക്ഷിതാക്കളുടെ നിരന്തരമായ ഇടപെടലുകളും ആവശ്യമാണ് എന്ന് കണ്ടുകൊണ്ടാണ് സ്കൂളുകളില്‍ അധ്യാപകരക്ഷാകര്‍തൃസമിതികള്‍ സജീവമാക്കാന്‍ കേരളം പോലു ള്ള സംസ്ഥാനത്ത് തുടക്കം കുറിച്ചത്. ഇതിന്റെ പരിണതഫലം ഇന്ന് കേരളത്തിലെ വിദ്യാഭ്യാസപുരോ ഗതിയില്‍ കണ്ടുവരുന്നുണ്ട്.
വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനും അധ്യാപകരുമായും കുട്ടി കളുമായുമുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതിനും ഇന്നും പല രക്ഷിതാക്കളും മുന്നോട്ടുവരുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. രക്ഷിതാക്കളെ വിദ്യാലയവുമായി അടുപ്പിക്കുന്നതിന് പല വിധത്തിലുള്ള ബോധവല്‍ക്കരണപരിപാടികളും ഇന്ന് സംഘടിപ്പിക്കുന്നുണ്ട്. അതാത് വിദ്യാലയങ്ങളിലെ അധ്യാപകരക്ഷാകര്‍തൃസമിതികള്‍ കൂട്ടായി ആശയവിനിമയം ചെയ്താണ് ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.
ഒരു വിദ്യാലയത്തിന്റെ അടിസ്ഥാന ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അധ്യാപകരക്ഷാകര്‍തൃസമിതികളുടെ പങ്ക് വലുതാണ്. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഓരോ കുട്ടിയുടെ രക്ഷിതാവിനും വിദ്യാലയത്തിനകത്തും പുറ ത്തും ചെയ്യാന്‍ കഴിയേണ്ടതുമാണ്. ഇതിലൂടെ തന്റെ കുട്ടിയുടെ പാഠ്യ, പാഠ്യേതരവിഷയങ്ങളിലുള്ള പ്രാവീ ണ്യം മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കണം.
വിദ്യാലയത്തിലെ ഓരോ കുട്ടി ക്കും പഠിപ്പിക്കുന്ന കാര്യങ്ങള്‍ ഉള് ക്കൊള്ളാനുള്ള കഴിവ് വ്യത്യസ്തമാണ്. എന്നാല്‍ ഒരു പ്രത്യേകവിഷയത്തിനോ, പാഠ്യേതരവിഷയത്തിനോ തെരഞ്ഞെടുക്കുമ്പോള്‍ ആ കുട്ടിക്ക് അതുള്‍ക്കൊള്ളാനുള്ള കഴിവിനെ അധ്യാപകരും രക്ഷിതാക്കളും ആദ്യം വിലയിരുത്തണം. അതിനനുസരിച്ചുവേണം ഏത് മേഖലയിലാണ് ആ കുട്ടിയെ ഉപയോഗിക്കേണ്ടത് എന്ന തീരുമാനമെടുക്കാന്‍. ഇത്തരത്തില്‍ കണ്ടുപിടിച്ച ശേഷം പ്രസ്തുതകുട്ടിയുടെ കഴിവിനനസുരിച്ച് പരിശീലനം നല്കി അവനും നാടിനും പ്രയോജനകരമാക്കുക എന്നതായിരിക്കണം അധ്യാപക-രക്ഷകര്‍തൃസമിതികളുടെ ഏകോപനം കൊണ്ടുദ്ദേശിക്കേണ്ടത്.
എല്ലാകാലത്തും ലോകം സ്നേ ഹിക്കുന്ന രാഷ്ട്രീയനേതാക്കളും കലാകാരന്മാരും സാമൂഹികപ്രവര് ത്തകരും സാഹിത്യകാരന്മാരുമൊ ക്കെ അവരുടെ ജീവിതത്തിലെ നേട്ടങ്ങള്‍ക്ക് നിദാനമായിട്ടുള്ള കാര്യങ്ങള്‍ക്ക് വിത്തുപാകിയിട്ടുള്ളത് ആദ്യകാലവിദ്യാലയങ്ങളിലെ അനുഭവങ്ങളാണ് എന്ന് എടുത്തു പറഞ്ഞിരിക്കുന്നു.
കുട്ടിയുടെ ബുദ്ധിയുടെയും അറിവിന്റെയും വാസനകളുടെയും കഴിവിന്റെയും അവന് ഉയര്‍ത്തിപിടിക്കേണ്ട മൂല്യങ്ങളുടെയും ഒന്നായിചേര്‍ന്ന അന്ത:സത്തയുടെ പ്രതിഫലനമാണ് വ്യക്തിത്വം എന്നത്. ഓരോരുത്തരുടെയും വ്യക്തിത്വം ഉയര്‍ത്തിപിടിക്കാന്‍ വിദ്യാലയജീവിതത്തില്‍ അധ്യാപകരക്ഷാകര്‍തൃസമിതികളുടെ കൂട്ടായ്മക്ക് കഴിയുമെന്നതില്‍ തര്‍ക്കമില്ല.
വിയര്‍പ്പ്
മണ്ണില്‍ കളിക്കരുത്!
വെയിലത്ത് നടക്കരുത്!
മഴയത്തിറങ്ങരുത്!
വിയര്‍ക്കരുത്!
കുട്ടിക്കാലത്തെ ശിക്ഷണങ്ങളെല്ലാം
അതേപടി ഇപ്പോഴും
ഇനിയെന്നെ നിര്‍ബന്ധിക്കാന്‍
നിങ്ങള്‍ക്കെന്തവകാശം?
വിയര്‍പ്പുനാറ്റം എനിക്ക്
സഹിക്കാന്‍ വയ്യല്ലോ
- ഹുസ്ന തസ്നീം കെ.ടി.
നിരാശ
നിറമുള്ള സ്വപ്നങ്ങള്‍ നെയ്തുപോയി
അറിയാതെ ചിറകുകള് വിടര്‍ത്തിനിന്നു.
അലതല്ലും തിരമാലപോലെ മനസ്സിന്റെ
നിറകുടം തുളുമ്പി പോയി.
വിധിയുടെ ഹസ്തങ്ങള്‍ മാറിവന്നു.
തഴുകി തലോടി കടന്നു പോയി.
പൊട്ടിത്തകര്‍ന്നൊരെന്‍ ചില്ലുപാത്രം
മങ്ങിത്തുടങ്ങിയെന്നാഗ്രഹങ്ങള്.
പാഴ്ജന്മമായി, ഞാന്‍ ഭാരമായി
മോഹാലയങ്ങള് തകര്‍ന്നു വീണു.
മരവിപ്പിന് ഭാരവും മാറിയില്ല.
ശോകമൂകങ്ങളാലെന്റെ ജീവന്
മാത്രമെന്‍ നെഞ്ചിലശേഷിച്ചു.
ദൈവത്തിന് നീതി ഇതെന്തിനെയോ
ഇനിയും കഴിഞ്ഞില്ലേ പരീക്ഷണങ്ങള്‍
ജന്മദു:ഖങ്ങള്‍ മറന്നൊരെന്നെ
ജീവിക്കാന്‍ പ്രേരണ നല്കിയോരേ
ക്ഷമയില്‍ വിളങ്ങുന്ന എന്‍ മാനസം
ഇനിയും നിയെന്തിനീ പരീക്ഷണങ്ങള്‍?!
അന്ധകാരത്തിന് തേന്‍ നുകരുന്നു
ഇല്ലായ്മ എന്നെ പുണര്‍ന്നു നിന്നു.
വല്ലായ്മ എന്തിനറിഞ്ഞു വീണ്ടും!
പൊട്ടിച്ചെറിഞ്ഞൊരെന് മോഹമെല്ലാം
വരുമോ പ്രതീക്ഷതന്‍ കുഞ്ഞുനാളം?
-ഫസ്ന
പൂമ്പാറ്റ
പാറിനടക്കും പൂമ്പാറ്റേ
എങ്ങോട്ടാ പോകുന്നേ?
പൂന്തേനുണ്ണാന്‍ പോണൂ ഞാന്‍
റോസാപൂവില് പോണൂഞാന്‍ .
എന്തൊരു ചന്തം നിന്ചിറക്
എങ്ങനെ കിട്ടി പൊന്‍ചിറക്?
നിന് ചിറക് കടം തന്നാല്‍
ഞാനും കൂടെ പോരാലോ...
-ഹസനുല്‍ ബന്ന
കാക്കമ്മ
ഒരു ഞായറാഴ്ച ദിവസം.
മെല്ലെ എഴുന്നേറ്റു. ഒച്ചയുണ്ടാക്കാതെ നടന്നു. മുറ്റത്തെ പുളിമരക്കൊമ്പില്‍ കൂടുകൂട്ടിയ കാക്കമ്മയുടെ മുട്ടകള്‍ വിരിഞ്ഞോ ആവോ...
കാക്കമ്മ എന്നെ ഒളികണ്ണിട്ടു നോക്കുന്നത് കണ്ടില്ലേ... കോങ്കണ്ണീ...
കാക്കമ്മേ... എന്നാ നിന്റെ മുട്ടകള്‍ വിരിയ്വാ?
കാ... കാ.... കാ...
ങ്ഹാ... മറ്റന്നാളായിരിക്കുമല്ലേ...
നിനക്ക് ഞാന്‍ അപ്പകഷ്ണം തരട്ടേ... നീ പുറത്തിറങ്ങേണ്ട... വേഗം വിരിയട്ടെ നിന്റെ മുട്ടകള്‍
എന്തിനാ കാക്കമ്മേ കരയുന്നത്? ഹായ്... മുട്ടകള്‍ വിരിഞ്ഞിരിക്കുന്നല്ലോ... ങേ... കുയിലിന്റെ കുട്ടികളാണോ?...
ഹായ്... നല്ല കുയില്‍ കുഞ്ഞുങ്ങള്‍... കാക്കമ്മേ, നീ അവയെ കൊത്തേണ്ട ട്ടോ... അവര്‍ നല്ല കുട്ടികളാ... അവരെ വളര്‍ത്തിയാല്‍ നീ ചെയ്യുന്ന നന്മയായിരിക്കും അത്.
കാ... കാ... കാ...
നീ സമ്മതിച്ചു അല്ലേ... നല്ല കാക്കമ്മ... ഞാന്‍ നിനക്കൊരു പഞ്ചാരമുത്തം തരാം ട്ടോ...
-നത സ്വലാഹ് പി.
ബോധവാനാകുക
തെളിനീരൊഴുകുന്ന പുഴയല്ലേ മുന്നില്‍
തെളിനീരിലത്ഭുതം കൂറിയിരിപ്പല്ലേ,
ഈ പുഴയുടെ സൗന്ദര്യം കാണുകയല്ലേ
കൂട്ടരേ, നമ്മളീ കുട്ടിക്കുരുന്നുകള്‍!
പുഴയുടെ അരികിലതാ നീണ്ടുകിടക്കുന്ന
പച്ചപ്പരവതാനിപോലെ മനോഹരം
നെല്ലോലകള്‍ തലയാട്ടി രസിക്കുന്നതാം
വയലല്ലേ നമ്മള് കാണുന്നത് കൂട്ടരേ!
തത്തകള്‍ മൈനകള്‍ പ്രവുകളുമെല്ലാം
പാറിപ്പാറിപറന്നു വന്ന്
പറന്നിറങ്ങി തിരിഞ്ഞു നടന്നിട്ട്
പറന്നുയരുന്നു നെല്ക്കതിരുകളുമായ്!
വയല്‍ക്കരയിലുള്ള ഒരു മാങ്കൊമ്പിലിരുന്ന്
മധുരഗാനം പൊഴിക്കുകയാണല്ലോ
ആരാരും കാണാതെയീ ഗായകന്
പാടുകയാണല്ലോയീ കൊച്ചുകുയില്‍!
ഇതെല്ലാം ഞാന്‍ സ്വപ്നത്തില്‍ കണ്ടതാണേ,
യാദൃശ്ചികമായേതോ നിമിഷത്തിലാണേ,
ഇനിയൊരിക്കലും ദൃശ്യമാകില്ലിത് സ്വപ്നത്തില്‍ പോലുമേ,
മാനവാ നിന് ചെയ്തികളല്ലേയിതിനു കാരണം!
പുഴയിലില്ലായിന്ന് തെളിനീര്
മണല്‍ വാരിക്കഴിച്ചത് മാഫിയകള്‍
എന്നുടെ കൂട്ടരെ ഇങ്ങനെയായാല്‍
വെള്ളമില്ലാത്തൊരവസ്ഥ വരില്ലേ?
വയലുകളെല്ലാം നികത്തീട്ടല്ലേയിന്ന്
കെട്ടിടങ്ങളുണ്ടാക്കീടുന്നത്
എന്റെ മനുഷ്യരേ ഇങ്ങനെയായാല്‍
ഭക്ഷണമില്ലാത്തൊരവസ്ഥ വരില്ലേ!
തത്തയും പ്രാവും മൈനയും കുയിലും
എങ്ങനെ വരുമീ കേണ്‍ക്രീറ്റ് വയലില്‍?
വസിക്കേണ്ടേ മാനവാ ജന്തുമിത്രാദികള്ക്ക്?
ബോധവാനാകൂ നിന് നന്മക്കായ്
-സോണിയ ടി.ടി.
എന്നെക്കുറിച്ച്
എന്നെക്കുറിച്ച്
ഞാന്‍: നീതു ടി.പി.
സ്ഥലം: ആനക്കയം
നാടിനെക്കുറിച്ച്:
എന്റെ നാട്ടില്‍ പുഴയുണ്ട്
പുഴയെക്കുറിച്ച്:
പുഴയെന്റെ ആനന്ദമാണ്
പുഴയെന്റെ അഭിമാനമാണ്
പുഴയെന്റെ അഹങ്കാരമാണ്.
ഇന്ന്
പുഴയെന്റെ സന്താപമാണ്
പുഴയെന്റെ അപമാനമാണ്
കാരണം
നമ്മളെല്ലാവരും തന്നെ...
- നീതു ടി.പി.
നരന്
കുത്തിയൊലിക്കും പുഴയതു തന്നില്‍
കുത്തിമറിഞ്ഞു മരങ്ങള്‍ പിടിക്കും
നായകവേഷം ആടിതിമിര്‍ക്കും
റോളുകള്‍ കണ്ടു തരിച്ചഥ നിന്നു.
ഉഗ്രന്മട്ടുകള് കണ്ടുതരിച്ചു
കോരിത്തരിച്ചു തിരിച്ചു നടന്നു.
അനുകരമായിട്ടുള്ളൊരു വിദ്വാന-
തുപോലാകാന് ആഗ്രഹമേറെ.
കുത്തിയൊലിക്കും വെള്ളത്തില്‍
മുട്ടന്മരമതാ പോകുന്നു
ഉടനേ ചാടി പിടിക്കാന്‍ മോഹം
ഉള്ളിലുദിച്ചേയാശാന്
ഉടനേ ചാടി പുഴയുടെ നടുവില്‍
കണ്ടൂ അവനൊരു രണ്ടാം ലോകം.
അനുകരണത്തിന് വിഷകരമമ്പുകള്
പാഞ്ഞു വരുന്നേ നമ്മുടെ പിന്നില്‍...
-ഷിജിന് സി.
എന്റെ ഗ്രാമം
പച്ചപ്പരവതാനി വിരിച്ചപോല്‍
മെച്ചത്തില് നീണ്ടുകിടക്കും വയലുകള്‍.
ഉച്ചവെയിലില്‍ പണിയെടുക്കും കൃഷീവലന്,
വിതക്കുന്നു തന് വിയര്പ്പിന് മുത്തുകള്‍
പാറിക്കളിക്കുന്നു പച്ചപ്പനന്തത്ത
പാടുന്നു പൈങ്കിളി പൂമരച്ചില്ലയില്‍
കളകളം പാടിയൊഴുകും പുഴയും
കൂകൂരവം മുഴക്കും കുയിലും
നെറ്റിയില്‍ കണ്ണുള്ള കുഞ്ഞുമത്സ്യങ്ങളെ
തക്കം പാര്‍ത്തിരിക്കും സന്ന്യാസികൊക്കും
മുത്തശ്ശിപാടും പാട്ടിലീഗ്രാമം
മുത്തുപോല്‍ തിളങ്ങുന്നെന്‍ മനസ്സില്‍
ആഹാ! എത്ര മനോഹരമെന്‍ ഗ്രാമം!
എന്നോതുവാന്‍ എനിക്കെത്ര മോഹം.
ആവില്ലെനിക്കൊരിക്കലുമതേറ്റു പാടുവാന്‍
കാണുകില്ല ഞാനാഗ്രാമഭംഗി.
കാണുന്നില്ല ഞാന്‍ പാറും പനന്തത്തയെ
പൈങ്കിളി പാടും പൂമരച്ചില്ലയെ
കാണുന്നതോ ഞാന്‍ മണ്ണുമാന്തിത്തുരപ്പനെ
നിരത്തുന്ന മലകള്‍ നികത്തുന്ന പാടങ്ങള്‍
കോണ്‍ക്രീറ്റ് കാടുകള്‍ നിറയുന്നു ചുറ്റും.
ഒരു മുഴം കയറിനാല്‍
ഒടുങ്ങുന്നു കൃഷീവലന്
ഇല്ലവനു കൊയ്യുവാന്‍ വിയര്പ്പിന് മുത്തുകള്‍.
കേള്‍ക്കുന്നില്ല ഞാന്‍ പുഴതന്‍ കളകളം
പാടും കുയിലിന് കൂകൂരവവും
കേള്‍ക്കുന്നതോ ഞാന്‍ മണല്‍വാരും
ലോറിതന്‍ മുരള്‍ച്ചകള്‍
വീഴും പൂമരച്ചില്ലതന് രോദനം.
ആരു നല്‍കും മുത്തശ്ശിതന്‍ ഗ്രാമത്തെ,
വീണ്ടും കണ്ണിന് കുളിര്‍മയേകുവാന്‍
വീശും തെന്നലിന് കുളിരേറ്റിടുവാന്
പൂമരച്ചില്ലകള്‍ നിറെഞ്ഞങ്കിലെ-
ന്നാശിച്ചുപോം മനസ്സിനോടെന്തു
ചൊല്ലേണ്ടു ഞാന്‍ പറയൂ കൂട്ടരേ...
- ആയിഷ സന സി.കെ.











